ന്യൂഡൽഹി: ആംആദ്‌മി പാർട്ടി എംഎൽഎമാരെ തട്ടിയെടുക്കാൻ ബിജെപി ശ്രമിക്കുന്നെന്ന പരാമർശത്തിൽ തനിക്ക് ഡൽഹി പൊലീസ് നോട്ടിസ് അയച്ചതിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ഡൽഹി നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനു പകരം തങ്ങളുടെ രാഷ്‌ട്രീയ മുതലാളിമാരുടെ നാടകത്തിൽ ഏർപ്പെടാൻ ശ്രമിക്കുന്ന പൊലീസിനോട് തനിക്ക് സഹതാപമുണ്ടെന്നും അദ്ദേഹം ശനിയാഴ്‌ച എക്‌സിലൂടെ പറഞ്ഞു. (CM Kejriwal reacts about delhi police serve notice).
എഎപി എംഎൽഎമാരെ ബിജെപി വിലയ്‌ക്കെടുക്കാൻ ശ്രമിക്കുകയാണെന്ന അദ്ദേഹത്തിന്‍റെ വാദത്തെ തുടർന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് നോട്ടിസ് നൽകാൻ ഡൽഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ച് സംഘം ശനിയാഴ്‌ച രാവിലെ കെജ്‌രിവാളിന്‍റെ ഔദ്യോഗിക വസതിയിൽ എത്തിയിരുന്നു.
തന്‍റെ വസതിയിലെത്തിയ ചില പൊലീസുകാരുടെ വീഡിയോ പങ്കുവെക്കുകയും തനിക്ക് നോട്ടിസ് നൽകാൻ അയച്ച പൊലീസ് ഉദ്യോഗസ്ഥരോട് സഹതാപമുണ്ടെന്നും കെജ്‌രിവാൾ എക്‌സിൽ പോസ്‌റ്റ് ചെയ്‌തു. ഡൽഹിയിൽ കുറ്റകൃത്യങ്ങൾ തടയേണ്ടത് അവരുടെ കടമയാണ്. പക്ഷേ അവരെ രാഷ്‌ട്രീയ മേലധികാരികൾ നാടകത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയാണെന്നും അതുകൊണ്ട് ഡൽഹിയിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.