കേരളം

kerala

ETV Bharat / bharat

ലക്ഷദ്വീപ് വെള്ളിയാഴ്‌ച പോളിങ് ബൂത്തിലേക്ക്; കവരത്തിയില്‍ കൊട്ടിക്കലാശം - Kavarati to Polling on Friday - KAVARATI TO POLLING ON FRIDAY

കവരത്തി വെള്ളിയാഴ്‌ച പോളിങ് ബൂത്തിലേക്ക്. മത്‌സരരംഗത്ത് നാല് സ്ഥാനാര്‍ത്ഥികള്‍.

KAVARATHI  KAVARATI TO POLLING ON FRIDAY  കവരത്തി വെള്ളിയാഴ്‌ച ബൂത്തിലേക്ക്  മത്‌സരരംഗത്ത് 4സ്ഥാനാര്‍ത്ഥികള്‍
Kavarati to Polling booth on Friday in the First Phase

By ETV Bharat Kerala Team

Published : Apr 17, 2024, 10:31 PM IST

കവരത്തി: വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ പ്രമുഖ മുന്നണികളുടെ കൊട്ടിക്കലാശം ലക്ഷദ്വീപ് ജനതയയ്‌ക്ക് ആവേശം വാരി വിതറി. ഇനി പത്തു ദ്വീപുകളിലായി ചിതറിക്കിടക്കുന്ന 57784 വോട്ടര്‍മാര്‍ ഏപ്രില്‍ 19 ന് പോളിങ്ങ് ബൂത്തുകളിലേക്ക് നീങ്ങും. 29278 പുരുഷന്മാരും 28506 സ്ത്രീകളുമാണ് തങ്ങളുടെ പാര്‍ലമെന്‍റംഗത്തെ തെരഞ്ഞെടുക്കാന്‍ വോട്ടുചെയ്യുക. നിയമസഭയില്ലാത്ത ലക്ഷദ്വീപുകാര്‍ക്ക് ആകെ വോട്ട് ചെയ്യാന്‍ കിട്ടുന്ന അപൂര്‍വ അവസരമാണിത്. നാല് സ്ഥാനാര്‍ഥികള്‍ മാത്രമാണ് മത്സര രംഗത്തുള്ളത്.

ദ്വീപുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇത്തവണയും പ്രചാരണം. കരയിലും കടലിലുമെത്തി സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടു. നിലവിലെ എംപി, എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിലെ മുഹമ്മദ് ഫൈസല്‍ പി പിയും, മുന്‍ എംപി കോണ്‍ഗ്രസിലെ ഹംദുല്ലാ സെയ്‌ദും മുസ്‌ലിം മത പണ്ഡിതനും ബിജെപി പിന്തുണയ്ക്കുന്ന എന്‍സിപി അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ഥിയുമായ യൂസഫ് ടിപിയും തമ്മിലാണ് പ്രധാന മല്‍സരം. ഇവര്‍ക്കു പുറമേ സ്വതന്ത്ര സ്ഥാനാര്‍ഥി കോയയും മല്‍സരിക്കുന്നു.

സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും
മുഹമ്മദ് ഫൈസല്‍ പിപി-എന്‍സിപി ശരത്ചന്ദ്ര പവാര്‍- കാഹളം മുഴക്കുന്ന മനുഷ്യന്‍
ഹംദുല്ല സെയ്‌ദ്-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈപ്പത്തി
യൂസഫ് ടി പി-എന്‍സിപി- ഘടികാരം
കോയ- സ്വതന്ത്രന്‍- കപ്പല്‍

ഏപ്രില്‍ 19ന് ആദ്യഘട്ടത്തിലാണ് ലക്ഷ ദ്വീപിലും പോളിങ്. 10 ദ്വീപുകളിലുമായി ആകെ 55 പോളിങ് ബൂത്തുകളാണ് സജ്ജമാക്കുന്നത്. ആന്ത്രോത്തിലും കവരത്തിയിലും ഒമ്പത് വീതം ബൂത്തുകളുണ്ടാകും.

ദ്വീപുകളും വോട്ടര്‍മാരും:

ആന്ത്രോത്ത്- (10668)
കവരത്തി- 9648
മിനിക്കോയ്- 8602
അമിനി- 7158
അഗത്തി- 6874
കടമത്ത്- 4768
കല്‍പ്പേനി- 3991
കില്‍ത്താനി- 3789
ചെത്ലാത്ത്- 2054
ബിത്ര- 237

സ്ഥാനാര്‍ത്ഥികളെല്ലാം ദ്വീപുകാര്‍ക്ക് സുപരിചിതരാണ്. ആന്ത്രോത്ത് സ്വദേശികളാണ് ഹംദുല്ല സെയ്‌ദും, ഫൈസല്‍ മൂത്തോനും. കടമത്ത് ദ്വീപ് സ്വദേശിയാണ് യൂസഫ് ടി പി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കോയ കല്‍പ്പേനി സ്വദേശിയും. ലക്ഷദ്വീപില്‍ അറിയപ്പെടുന്ന മത പണ്ഡിതനാണ് സുന്നി സംഘടനാ നേതാവ് കൂടിയായ യൂസഫ് ടി പി. ജാമിയത്ത് ശുബനുസുന്നിയ സംഘടനയുടെ സ്ഥാപക നേതാവാണ്. കടമത്ത് ദ്വീപിലെ ഇമാമും മദ്രസ അധ്യാപകനുമൊക്കെയായ യൂസഫിന്‍റെ കുടുംബവും പൊതു പ്രവര്‍ത്തന രംഗത്ത് അറിയപ്പെടുന്നവരാണ്.

നിലവിലെ എംപി മുഹമ്മദ് ഫൈസല്‍ പി പി ഇത്തവണ എന്‍സിപി ശരത്ചന്ദ്ര പവാര്‍ വിഭാഗത്തിന് വേണ്ടി മത്സരിക്കാനിറങ്ങുന്നു. കാഹളം മുഴക്കുന്ന മനുഷ്യനാണ് ചിഹ്നം. കഴിഞ്ഞ തവണ രണ്ടാമതെത്തിയ കോണ്‍ഗ്രസിലെ മൊഹമ്മദ് ഹംദുല്ല സെയ്‌ദ്‌ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നു. ഏറെക്കാലം ലക്ഷദ്വീപ് എംപിയും ലോക്‌സഭ ഡെപ്യൂട്ടി സ്‌പീക്കറുമൊക്കെയായിരുന്ന പിഎം സയീദിന്‍റെ മകന്‍ ഹംദുല്ല സെയ്‌ദ് തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബിജെപിയുടെ പിന്തുണ എന്‍സിപി അജിത് പവാര്‍ പക്ഷത്തെ യൂസഫ് ടി പിക്കാണ്.

കഴിഞ്ഞ തവണ എന്‍സിപിയിലെ മുഹമ്മദ് ഫൈസല്‍ പടിപ്പുര ജയിച്ചത് കേവലം 823 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍. പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിലെ മുഹമ്മദ് ഹംദുല്ല സെയ്‌ദിനെയായിരുന്നു. 2014ലും ഇരുവരും തന്നെയായിരുന്നു നേര്‍ക്കുനേര്‍ മത്സരിച്ചത്. അന്ന് ഫൈസല്‍ ജയിച്ചത് 1535 വോട്ടുകളുടെ വ്യത്യാസത്തിലായിരുന്നു. 2009ല്‍ ഹംദുല്ല സെയ്‌ദ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചത് 2198 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു.

കഴിഞ്ഞ തവണ എട്ട് സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. എന്‍സിപി സ്ഥാനാര്‍ഥി മൊഹമ്മദ് ഫൈസല്‍ 22851 വോട്ടുകളും കോണ്‍ഗ്രസിലെ ഹംദുല്ല സെയ്‌ദ് 22028 വോട്ടുകളുമാണ് കഴിഞ്ഞ തവണ നേടിയത്. ലക്ഷദ്വീപ് സമൂഹത്തില്‍ എന്‍സിപിക്കും കോണ്‍ഗ്രസിനും 20,000ത്തിലധികം വോട്ടുകളുടെ ഉറച്ച അടിത്തറയുണ്ടെന്നതാണ് തെരഞ്ഞെടുപ്പ് ചരിത്രം വെളിവാക്കുന്നത്. തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ 450 വോട്ട് കരസ്ഥമാക്കിക്കൊണ്ടിരുന്ന സിപിഎം ഇത്തവണ ദ്വീപില്‍ മല്‍സര രംഗത്തില്ല.

മുസ്‌ലീം ഭൂരിപക്ഷ മേഖലയെങ്കിലും 2009 മുതല്‍ ദ്വീപില്‍ മത്സരിക്കുന്ന ബിജെപിക്കും 250 വോട്ടുണ്ട്. ബിജെപി ഇത്തവണ സഖ്യ കക്ഷിയായ എന്‍സിപി അജിത് പവാര്‍ വിഭാഗത്തിനാണ് ലക്ഷദ്വീപ് സീറ്റ് നല്‍കിയിരിക്കുന്നത്. 1000 ത്തിലേറെ വോട്ടുള്ള ജെഡിയുവും 150 ഓളം വോട്ടുള്ള സിപിഐയും ഇത്തവണ മത്സര രംഗത്തില്ല. വോട്ട് വിഹിതം ചെറുതെങ്കിലും ഈ കക്ഷികള്‍ക്കെല്ലാം ദ്വീപിലെ ജയ പരാജയങ്ങളെ സ്വാധീനിക്കാന്‍ സാധിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത കാലത്ത് നടത്തിയ ദ്വീപ് സന്ദര്‍ശനം രാജ്യത്താകെയും വിദേശങ്ങളിലുമൊക്കെ ലക്ഷദ്വീപിന് വലിയ പെരുമയും പ്രചാരവും നേടിക്കൊടുത്തിരുന്നു. ഇത് ദ്വീപിലെ ടൂറിസം വികസനത്തിന് വലിയ ഉണര്‍വുണ്ടാക്കിയെന്നും ലക്ഷദ്വീപിന്‍റെ സമഗ്ര വികസനത്തിനുള്ള പദ്ധതികള്‍ മോദി നടപ്പാക്കുമെന്നും ദ്വീപ് ജനത ഇത് ഉള്‍ക്കൊള്ളുമെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു. അതേസമയം എന്‍സിപി അജിത് പവാര്‍ പക്ഷം ദ്വീപില്‍ സ്ഥാനാര്‍ത്ഥിയുടെ വ്യക്തിഗത മികവ് മാത്രം ഉയര്‍ത്തിക്കാട്ടിയാണ് വോട്ട് തേടുന്നതെന്നതും ശ്രദ്ധേയമാണ്.

Also Read:ലോക്‌സഭ തെരഞ്ഞെടുപ്പ്: ഇവിഎം പണിമുടക്കിയാല്‍ എന്ത് ചെയ്യണം? തെറ്റായ ബട്ടണ്‍ അമര്‍ത്തിപ്പോയാല്‍ എന്ത് ചെയ്യാനാകും? അറിയേണ്ടതെല്ലാം

ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റര്‍ നടപ്പാക്കിയ ജനവിരുദ്ധ നയങ്ങള്‍ ദ്വീപ് നിവാസികളുടെ ജീവിതം ദുസ്സഹമാക്കിയെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസും എന്‍സിപിയും പ്രചാരണം നടത്തുന്നത്.അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേല്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് പ്രാദേശിക വികാരം കണക്കിലെടുക്കാതെ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്കെതിരെയാണ് കോണ്‍ഗ്രസും എന്‍സിപി പവാര്‍ വിഭാഗവും പ്രചാരണം നയിക്കുന്നത്. ടൂറിസം വികസനം ജനങ്ങളുടെ കൂടി സഹകരണത്തോടെയും സമ്മതത്തോടെയും വേണം നടത്തേണ്ടതെന്ന് എന്‍സിപി സ്ഥാനാര്‍ത്ഥി പി പി മുഹമ്മദ് ഫൈസല്‍ മൂത്തോന്‍ പറയുന്നു.

ഏതാനും മാസം മുമ്പ് പ്രധാനമന്ത്രി നടത്തിയ ലക്ഷദ്വീപ് സന്ദര്‍ശനവും തുടര്‍ന്ന് ദ്വീപിന്‍റെ ടൂറിസം സാധ്യതകളിലുണ്ടായ കുതിപ്പും സമ്മതനായ സ്ഥാനാര്‍ത്ഥിയെന്ന ഘടകവും അനുകൂലമാകുമെന്ന് എന്‍സിപിയും കരുതുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ വികാരം കത്തിച്ചു നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. എന്‍സിപി ചിഹ്നത്തിലെ ആശയക്കുഴപ്പം വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കും എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നു. ദ്വീപിലെ കോണ്‍ഗ്രസിന്‍റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഭരണത്തകര്‍ച്ചയും വികസന രംഗത്തെ പിറകോട്ടടിയും തൊഴിലില്ലായ്‌മയുമൊക്കെ ഉയര്‍ത്തിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് പ്രചാരണം.

ABOUT THE AUTHOR

...view details