കേരളം

kerala

By ETV Bharat Kerala Team

Published : Apr 2, 2024, 10:06 AM IST

Updated : Apr 2, 2024, 10:37 AM IST

ETV Bharat / bharat

തെരഞ്ഞെടുപ്പ് അടുക്കെ 'കച്ചത്തീവ്' എടുത്തിട്ട് മോദി, ഇന്ദിരാഗാന്ധി വെറുതെ വിട്ടുകൊടുത്തോ ?; 'തര്‍ക്കദ്വീപി'നെക്കുറിച്ച് അറിയാം - KATCHATHEEVU ISSUE HISTORY

285 ഏക്കര്‍ മാത്രം വിസ്‌തൃതിയുള്ള ജനവാസമില്ലാത്ത കച്ചത്തീവ് എന്ന ദ്വീപ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്തുകൊണ്ട് വലിയ ചര്‍ച്ചാവിഷയം ആകുന്നെന്ന് അറിയാം

KATCHATHEEVU ISLAND  KATCHATHEEVU CONTROVERSY  PM MODI ON KATCHATHEEVU  LOK SABHA ELECTION 2024
KATCHATHEEVU ISSUE HISTORY

ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇന്ത്യൻ രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ് 'കച്ചത്തീവ്'. ഇന്ത്യ ശ്രീലങ്ക രാജ്യങ്ങള്‍ക്കിടയില്‍ പാക് കടലിടുക്കില്‍ സ്ഥിതി ചെയ്യുന്ന ചെറുദ്വീപാണിത്. ഇന്ത്യ ശ്രീലങ്ക രാജ്യങ്ങള്‍ക്കിടയില്‍ ദീര്‍ഘകാലമായുള്ള തര്‍ക്ക വിഷയവും.

ദ്വീപിനെച്ചൊല്ലിയുള്ള ഒച്ചപ്പാട് തമിഴ്‌നാട്ടില്‍ ഉണ്ടാകാൻ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് അണ്ണാമലൈയിലൂടെയാണ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. വിവരാവകശ രേഖ പ്രകാരം ലഭിച്ച കച്ചത്തീവിന്‍റെ കൈമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അണ്ണാമലെ പുറത്തുവിട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അത് കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പ് ആയുധമാക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസിനെ വിശ്വസിക്കാൻ കഴിയില്ല എന്നതിന്‍റെ തെളിവാണ് കച്ചത്തീവ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇതോടെയാണ് വിഷയം വീണ്ടും ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. 1947 മുതല്‍ ദ്വീപിന്‍മേല്‍ ശ്രീലങ്ക അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും 1974ല്‍ ആയിരുന്നു ഉഭയക്ഷി കരാറിലൂടെ ഇന്ത്യ അത് അംഗീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യവഹാരങ്ങള്‍ സുപ്രീം കോടതിയില്‍ നടന്നിട്ടുമുണ്ട്. 2013ല്‍ കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ കച്ചത്തീവ് ഇന്ത്യയുടെ ഭാഗമല്ലെന്ന നിലപാടാണ് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചത്.

ഇന്ത്യയുടെ ഒരു പ്രദേശവും ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തിട്ടില്ല. അതൊരു തര്‍ക്ക പ്രദേശമായിരുന്നു. ചരിത്രപരമായ തെളിവും രേഖകളും പരിശോധിച്ച ശേഷമാണ് ലങ്കയുടെ വാദങ്ങള്‍ ഇന്ത്യ അംഗീകരിച്ചതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് കോടതിയെ അറിയിച്ചത്. വിഷയത്തില്‍ അന്ന് കേന്ദ്രത്തിനും തമിഴ്‌നാടിനും വ്യത്യസ്‌ത നിലപാടുകളായിരുന്നു. കച്ചത്തീവ് ലങ്കയുടേത് അല്ലെന്നും തങ്ങളുടേതാണെന്നുമാണ് തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ നേതാക്കള്‍ അന്നും ഇന്നും അവകാശവാദമുന്നയിക്കുന്നത്.

കച്ചത്തീവ്

'കച്ചത്തീവ്' ചരിത്രവും തര്‍ക്കവും : ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും ഇടയിലുള്ള പാക് കടലിടുക്കിലെ ഒരു ചെറുദ്വീപാണ് കച്ചത്തീവ്. 285 ഏക്കര്‍ മാത്രം വിസ്‌തൃതിയുള്ള ഇവിടം ജനവാസമില്ലാത്ത പ്രദേശമാണ്. ഇവിടെ സ്വാഭാവിക കുടിവെള്ളമില്ലാത്തതിനാല്‍ ജനവാസത്തിന് പ്രായോഗിക തടസങ്ങളുണ്ട്. 14-ാം നൂറ്റാണ്ടിലുണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്നാണ് ദ്വീപ് രൂപം കൊണ്ടതെന്നാണ് കരുതപ്പെടുന്നത്. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്നും 33 കിലോമീറ്റര്‍ അകലെ വടക്ക് കിഴക്കായും ലങ്കയിലെ ജാഫ്‌നയില്‍ നിന്ന് 62 കിലോ മീറ്റര്‍ ദൂരത്തില്‍ തെക്ക് പടിഞ്ഞാറായും ഇന്ത്യൻ മഹാസമുദ്രത്തിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്.

ജനവാസമില്ലാത്ത ദ്വീപിലെ ഏക നിര്‍മിതി 20-ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച സെന്‍റ് ആന്‍റണീസ് കത്തോലിക്ക ദേവാലയമാണ്. ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള ക്രിസ്‌തുമത വിശ്വാസികള്‍ എല്ലാ വര്‍ഷവും പെരുന്നാളിന് ഇവിടെ എത്താറുണ്ട്. 2023ല്‍ രാമേശ്വരത്ത് നിന്നും 2500 പേര്‍ ഇവിടേക്ക് എത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം നടന്ന പെരുന്നാള്‍ ആഘോഷങ്ങള്‍ തമിഴ്‌നാട്ടിലെ ബോട്ടുകാരും മത്സ്യത്തൊഴിലാളികളും ബഹിഷ്‌കരിച്ചിരുന്നു.

കച്ചത്തീവ്

കച്ചത്തീവിന്‍റെ നിയന്ത്രണം ആദ്യ കാലങ്ങളില്‍ ശ്രീലങ്കയിലെ ജാഫ്‌ന സാമ്രാജ്യത്തിനായിരുന്നു എന്നാണ് കരുതപ്പെടുന്നത്. 17-ാം നൂറ്റാണ്ടില്‍ രാമനാഥപുരം കേന്ദ്രീകരിച്ചുള്ള രാമനാട് രാജ്യത്തിന് ഇതിന്‍റെ നിയന്ത്രണം ലഭിക്കുന്നു. ബ്രിട്ടീഷ് ഭരണകാലം ആയപ്പോള്‍ കച്ചത്തീവ് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായി.

1921ല്‍ മത്സ്യബന്ധനത്തിന്‍റെ അതിരുകള്‍ നിര്‍ണയിക്കുന്നതിനിടെ അന്ന് ബ്രിട്ടീഷ് കോളനികളായിരുന്ന ഇന്ത്യയും ശ്രീലങ്കയും ദ്വീപില്‍ അവകാശവാദം ഉന്നയിച്ചു. സര്‍വേ പ്രകാരം ഇത് ശ്രീലങ്കയുടെ ഭാഗമായിട്ടാണ് നിശ്ചയിച്ചത്. എന്നാല്‍, ദ്വീപിന്‍റെ അവകാശം രാംനാട് രാജ്യത്തിനാണെന്ന വാദം അന്നേ ഉയര്‍ന്നു. സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷം ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നില്ല.

1947ന് ശേഷവും ശ്രീലങ്ക ദ്വീപില്‍ അവകാശവാദം ഉന്നയിക്കുന്നത് തുടര്‍ന്നു. നിരവധി ചര്‍ച്ചകള്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടത്തി. അക്കാലത്ത് ഇന്ത്യയുടെ തെക്കൻ പ്രദേശമായ ശ്രീലങ്കയിൽ ചൈനയുടെ ആധിപത്യം അവസാനിപ്പിക്കാനുള്ള വിവിധ മാർഗങ്ങളും ഇരുകൂട്ടരും സംസാരിച്ചു.

ഇതിന്‍റെ ഭാഗമായിട്ടായിരുന്നു 1961ല്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു കച്ചത്തീവിനെ ലങ്കയ്‌ക്ക് കൈമാറാൻ മടിക്കില്ലെന്ന് പറയുന്നത്. ഇതിന് ഒരുവര്‍ഷം മുന്‍പ് അറ്റോര്‍ണി ജനറല്‍ സെതൽവാദ് കച്ചത്തീവ് ദ്വീപിന്മേലുള്ള ഇന്ത്യയുടെ അവകാശവാദത്തെക്കുറിച്ച് അഭിപ്രായപ്പെട്ടിരുന്നതായും വിവരങ്ങളുണ്ട്.

കച്ചത്തീവ് ദേവാലയം

ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് 1974ല്‍ ആണ് ശ്രീലങ്കയ്‌ക്ക് കച്ചത്തീവ് ലഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ഉഭയകക്ഷി കരാര്‍ പ്രകാരമായിരുന്നു ഈ നീക്കം. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഈ മേഖലയില്‍ പ്രവേശനാനുമതി അനുവദിച്ചുകൊണ്ടുള്ള വ്യവസ്ഥകള്‍ ഉള്‍പ്പടെ അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥക്കാലത്ത് കരാര്‍ പ്രാബല്യത്തിലായപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ദ്വീപില്‍ നിന്ന് മീൻ പിടിക്കുന്നതിനുള്ള അനുമതി നിഷേധിക്കപ്പെട്ടു. പകരം തീര്‍ഥാടനത്തിനും മത്സ്യത്തൊഴിലാളികളുടെ വിശ്രമത്തിനും വലയുണക്കാനും മാത്രമായി അവകാശം.

കച്ചത്തീവിന് സമീപത്തെ പരമ്പരാഗത സ്ഥലത്ത് മത്സ്യബന്ധനത്തിന് പോയ തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളെ പ്രദേശത്ത് നിന്നും അടിച്ചോടിക്കുന്ന സ്ഥിതിയടക്കം ഉണ്ടായിട്ടുണ്ട്. പക്ഷേ ശ്രീലങ്കയില്‍ ആഭ്യന്തര കലഹം കലശലായ കാലത്ത് അവരുടെ സേന യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ ഈ മേഖലയിലെ നിരീക്ഷണത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. ഈ കാലത്ത് തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇവിടെ മീന്‍പിടിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ 2009 ന് ഇപ്പുറം ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന് അറുതിയായപ്പോള്‍ ഇവിടെ സേന നിരീക്ഷണം ശക്തമാക്കി. അതേസമയം ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ 700ല്‍ അധികം തമിഴ്‌നാട് മത്സ്യത്തൊഴിലാളികള്‍ തെറ്റിദ്ധരിക്കപ്പെട്ടും മറ്റും വെടിയേറ്റ് മരിച്ചതായും ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നു.

കച്ചത്തീവിലെ തമിഴ്‌നാട് നിലപാട് :രാമനാഥപുരം ജമീന്ദാരുടെ അധീനതയിലായിരുന്നു കച്ചത്തീവ് എന്ന് ചൂണ്ടിക്കാണിച്ച്, തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ദ്വീപിലെത്തി മീൻ പിടിക്കാൻ അവകാശമുണ്ടെന്ന് സംസ്ഥാനം ഉറച്ചുപറയുന്നു. കച്ചത്തീവ് വീണ്ടെടുക്കണമെന്ന പ്രമേയം 1991-ല്‍ തമിഴ്‌നാട് നിയമസഭ പാസാക്കി. ഡിഎംകെ, എഐഎഡിഎംകെ സര്‍ക്കാരുകളുടെ ഭരണകാലങ്ങളില്‍ ഒരേ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിക്കപ്പെട്ടത്.

ബിജെപി - ഡിഎംകെ പോരിലേക്ക് :കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് കൈമാറിയ ഇന്ദിരാഗാന്ധി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നതോടെയാണ് ഇത് വീണ്ടും ചൂടുള്ള ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഇന്ത്യയുടെ ഐക്യവും താത്‌പര്യങ്ങളും തകര്‍ക്കുകയാണ് ഇതിലൂടെ കോണ്‍ഗ്രസ് ചെയ്‌തത്. കച്ചത്തീവിനെ കൈമാറിയ നടപടി കോണ്‍ഗ്രസിനെ വിശ്വസിക്കാൻ കഴിയില്ല എന്നതിന്‍റെ തെളിവാണെന്നും മോദി ആരോപിച്ചിരുന്നു.

തമിഴ്‌നാട്ടിലെ ഈ പ്രശ്‌നത്തില്‍ ഡിഎംകെയ്‌ക്ക് താത്പര്യം ഇല്ലെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ഏപ്രില്‍ ഒന്നിന് ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍ കച്ചത്തീവ് വീണ്ടെടുക്കാനുള്ള സാധ്യതകള്‍ കേന്ദ്രം ആരായുകകയാണെന്ന് വ്യക്തമാക്കി.

എന്നാല്‍, പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഡിഎംകെ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ഉറങ്ങി കിടന്നവര്‍ പെട്ടെന്ന് എങ്ങനെയാണ് മത്സ്യത്തൊഴിലാളികളെ ഇഷ്‌ടപ്പെടുന്നവരായി മാറിയതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ചോദിച്ചു. ചരിത്രം പഠിക്കാതെ കച്ചത്തീവ് വിഷയത്തില്‍ പ്രധാനമന്ത്രി നുണ പ്രചരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് ഡിഎംകെ സംഘടന സെക്രട്ടറി ആര്‍എസ് ഭാരതിയുടെ പ്രതികരണം. ശ്രീലങ്കൻ സർക്കാർ സാമ്പത്തിക പാപ്പരത്തത്തിലായിരിക്കെ, അടുത്തിടെ പോലും അവര്‍ ഇന്ത്യൻ സർക്കാരിൽ നിന്ന് ഏകദേശം 34,000 കോടി രൂപ വാങ്ങി. ഇത്തരമൊരു ചുറ്റുപാടിൽ കച്ചത്തീവ് ചോദിച്ച് വാങ്ങിക്കൂടായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. മുന്‍ ധനമന്ത്രി പി ചിദംബരവും മോദിക്കും ജയ്‌ശങ്കറിനുമെതിരെ രംഗത്തെത്തിയിട്ടുണ്ട്. 10 വര്‍ഷത്തെ എന്‍ഡിഎ ഭരണകാലത്ത് പലപ്പോഴായി ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ ഇന്ത്യ തടഞ്ഞുവച്ചിട്ടില്ലേയെന്നായിരുന്നു ചിദംബരത്തിന്‍റെ ചോദ്യം.

കച്ചത്തീവ് തിരിച്ചെടുത്താൽ എന്ത് പ്രയോജനം :നിലവില്‍ സാമ്പത്തികമായി ദുര്‍ബലരാണെങ്കിലും ഇന്ത്യയെ ആശ്രയിക്കുന്ന ശ്രീലങ്ക ചൈനയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല. ഹംബന്തോട്ട തുറമുഖം ഉൾപ്പടെയുള്ള നിർമാണ പ്രവർത്തനങ്ങളിൽ ശ്രീലങ്കയ്‌ക്ക് ചൈനയുടെ സഹായം ലഭിക്കുന്നുണ്ട്. ഇത് ആഗോളതലത്തില്‍ ഇന്ത്യയുടെ സുരക്ഷയ്‌ക്ക് ഭീഷണിയായേക്കാമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. കൂടാതെ ശ്രീലങ്കയുമായുള്ള ഉഭയകക്ഷി-നയതന്ത്ര ബന്ധങ്ങളില്‍ വലിയ ഉലച്ചിലുണ്ടാകും. അതേസമയം, നിയമങ്ങള്‍ അനുസരിച്ച്, ഒരു രാജ്യത്തിന്‍റെ അതിര്‍ത്തി അതിൻ്റെ കര അതിർത്തിയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ ആയി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ, ഇന്ത്യയുടെ കര അതിർത്തി കച്ചത്തീവ് ദ്വീപ് വരെ വികസിക്കുമ്പോൾ, സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളിൽ ഇന്ത്യ ഭൂമിശാസ്ത്രപരമായി കൂടുതൽ ശക്തമാകും.

Last Updated : Apr 2, 2024, 10:37 AM IST

ABOUT THE AUTHOR

...view details