ശ്രീനഗര്‍: കശ്‌മീര്‍ താഴ്‌വരയെ രാജ്യത്തിന്‍റെ മറ്റിടങ്ങളുമായി കരമാര്‍ഗം ബന്ധിപ്പിക്കുന്ന ഏക മാര്‍ഗമാണ് ശ്രീനഗര്‍-ജമ്മു ദേശീയപാത. നാല് വരിയായി പാത പുനര്‍നിര്‍മ്മിക്കുന്നതു മൂലമുള്ള തടസങ്ങള്‍ കാരണം ജനങ്ങള്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏഴ് മാസങ്ങള്‍ നഷ്‌ടമായെന്നാണ് കണക്കുകള്‍.
ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടതു കൊണ്ട് വ്യവസായികള്‍ക്ക് മാത്രമല്ല നഷ്‌ടമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്കും, ജോലിക്ക് പോകുന്നവർക്കും, രോഗികള്‍ക്കും, ബന്ധു വീടുകളിലെ ആഘോഷ പരിപാടികള്‍ക്കും പോകേണ്ടവർക്കുമടക്കം വലിയ തിരിച്ചടികള്‍ നേരിട്ടു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. ജമ്മുവിനും ശ്രീനഗറിനുമിടയില്‍ യാത്രാസമയം കുറയ്ക്കാനായിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
താഴ്‌വരയിലും പിര്‍ പഞ്ചാല്‍ മലനിരകളിലൂടെയും കടന്ന് പോകുന്ന 250 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയപാത മണ്ണിടിച്ചില്‍ സാധ്യത കൂടിയ പ്രദേശമാണ്. റമ്പാന്‍ ജില്ലയിലെ മലനിരകളില്‍ നിന്ന് കൂറ്റന്‍ കല്ലുകളും കല്ലുകളും ദേശീപാതയിലേക്ക് പതിക്കാറുണ്ട്. ബനിഹളില്‍ നിന്ന് റമ്പാനിലേക്കുള്ള 65 കിലോമീറ്റര്‍ ദൂരമാണ് ഏറ്റവും അപകടകരം. മിക്കപ്പോഴും മോശം കാലാവസ്ഥ മൂലം ഈ ഭാഗത്ത് കൂടി സഞ്ചാരം അനുവദിക്കാറില്ല. റമ്പാന്‍ താലൂക്കിലെ കേല മോര്‍ഹ്, പന്താല്‍ മോര്‍ഹ് മേഖലകള്‍ അപകട മേഖലകളാണ്. മണ്ണിടിഞ്ഞും കൂറ്റന്‍ കല്ലുകള്‍ വീണും ഉണ്ടായ അപകടങ്ങളില്‍ ഇവിടെ നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്.
2019 മുതല്‍ ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചത് മൂലം 223 ദിവസങ്ങള്‍ നഷ്‌ടമായെന്ന് ജമ്മുകശ്‌മീര്‍ ട്രാഫിക് പൊലീസില്‍ നിന്നുള്ള വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവര്‍ത്തകന്‍ എം എം ഷൂജക്ക് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണിത്. യാത്രക്കാര്‍ക്ക് 5413 മണിക്കൂറുകളാണ് ഇത് വഴിയുള്ള യാത്രയില്‍ നഷ്‌ടമായത്.
2023 ലാണ് ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ നഷ്‌ടമായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 58 ദിവസങ്ങള്‍ അഥവ 1458 മണിക്കൂറുകള്‍ പൊതുജനങ്ങള്‍ക്ക് നഷ്‌ടമായി. 2022 ല്‍ ഇത് 41 ദിവസം (989 മണിക്കൂറുകള്‍) ആയിരുന്നു. 2021 ല്‍ 23 ദിവസം (549 മണിക്കൂറുകള്‍) നഷ്‌ടമായി. 2020 ല്‍ 47 ദിവസം (1138 മണിക്കൂറുകള്‍), 2019 ല്‍ 54 ദിവസം(1279 മണിക്കൂറുകള്‍), എന്നിങ്ങനെയാണ് ഈ അഞ്ച് വര്‍ഷമുണ്ടായ നഷ്‌ടക്കണക്കുകള്‍.
ദേശീയപാതയില്‍ ഗതാഗത തടസമുണ്ടാക്കുന്നത് ചരക്ക് നീക്കത്തെ ബാധിക്കുന്നുവെന്ന് കച്ചവടക്കാരനായ അബ്രാര്‍ അഹമ്മദ് ചൂണ്ടിക്കാട്ടുന്നു. ഇത് മൂലം കച്ചവടക്കാര്‍ക്ക് കനത്ത നഷ്‌ടമുണ്ടാകുന്നു. ഗുജറാത്തില്‍ ഒരു വ്യവസായം തുടങ്ങാന്‍ കേവലം ഒരു കോടി രൂപ വേണ്ടി വരുമ്പോള്‍ അതേ വ്യവസായം കശ്‌മീരില്‍ തുടങ്ങാന്‍ മൂന്ന് മടങ്ങ് അധിക തുക വേണ്ടി വരുന്നു. ഗതാഗതത്തിന് മാത്രമാണ് ഈ അധിക തുക വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം ദേശീയപാത തടസമില്ലാത്തതിനാല്‍ അവര്‍ക്ക് ചരക്കു കടത്തിന് കുറഞ്ഞ സമയം മാത്രമേ വേണ്ടി വരുന്നുള്ളൂ എന്നും അബ്രാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.