ബെംഗളൂരു: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ലെന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് കര്‍ണാടക ഹൈക്കോടതി. കേസിലെ പ്രതിയുടെ പേരിലുള്ള കുറ്റകൃത്യത്തില്‍ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. ഈ മാസം പത്തിനാണ് വിവാദ ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. കുട്ടികളുടെ അശ്ലീല ദൃശങ്ങള്‍ ഇന്‍റര്‍നെറ്റില്‍ കാണുന്നത് വിവര സാങ്കേതിക നിയമത്തിലെ 673ാം വകുപ്പ് പ്രകാരമുള്ള കുറ്റമല്ലെന്നായിരുന്നു കോടതി ഉത്തരവ്.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ കണ്ടെന്ന കുറ്റത്തിന് തനിക്കെതിരെ ചുമത്തിയിട്ടുള്ള കേസ് റദ്ദാക്കണമെന്ന ആവശ്യമുയര്‍ത്തി ഹൊസക്കോട്ടയില്‍ നിന്നുള്ള എന്‍ ഇന്യത്തുള്ള സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ രംഗത്തെത്തി. സര്‍ക്കാരിന്‍റെ പരാതി കേട്ട ജസ്റ്റിസ് എം നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ജൂലൈ 10ലെ വിധിയില്‍ പിഴവുണ്ടെന്ന് നിരീക്ഷിച്ചു.
വിവര സാങ്കേതിക നിയമത്തിലെ 673(ബി) വകുപ്പ് പ്രകാരം കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ തയാറാക്കുന്നതും അവ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതും മാത്രമാണ് കുറ്റകരം എന്നാണ് കോടതി മുന്‍വിധിയില്‍ പറഞ്ഞിരുന്നത്. പരാതിക്കാരന്‍ ദൃശ്യങ്ങള്‍ നിര്‍മിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇവ ആരുമായും പങ്കിട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് കാണുക മാത്രമാണ് ചെയ്‌തത്. അതുകൊണ്ട് തന്നെ ഇത് 673(ബി)യുടെ പരിധിയില്‍ വരുന്നതല്ലെന്നും കോടതി മുന്‍ ഉത്തരവില്‍ പറയുന്നു.
പരാതിക്കാരനെതിരെ 673(ബി)പ്രകാരം കുറ്റം ചുമത്തിയിരുന്നു. ഇന്‍റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പരതുക, കാണുക, ഡൗണ്‍ലോഡ് ചെയ്യുക, പങ്കിടുക എന്നിവ ഈ സെക്ഷനില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ട് തന്നെ പരാതിക്കാരനെതിരായ കേസ് പിന്‍വലിക്കാനാകില്ല. അതുകൊണ്ട് പഴയ ഉത്തരവ് പിന്‍വലിക്കുകയാണെന്നും കോടതി വ്യക്തമാക്കി.