ബെംഗളൂരു : അപകടകാരികളായ 23 ഇനം നായ്ക്കളുടെ പ്രജനനം നിരോധിച്ച് കൊണ്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച സർക്കുലർ റദ്ദാക്കാൻ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. ജസ്‌റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ബെംഗളൂരു നഗരത്തിൽ താമസിക്കുന്ന നായ പരിശീലകനായ കിങ് സോൾമാൻ ഡേവിഡും മർഡോണ ജോണും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി വിധി.
സർക്കുലർ പുറപ്പെടുവിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ആരുടെയും വാക്കുകൾ കേന്ദ്ര സർക്കാർ ചെവിക്കൊണ്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രൊഹിബിഷന്‍ ഓഫ് ക്രൂവല്‍ടി ടു ആനിമല്‍സ് ആക്‌ട് പ്രകാരം യാതൊരു കമ്മിറ്റിയും സര്‍ക്കാര്‍ രൂപീകിരിച്ചില്ല. നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമായി കേന്ദ്ര സർക്കാർ നിരോധനത്തിന് ഉത്തരവിടാൻ പാടില്ലായിരുന്നു.
മൃഗങ്ങളുടെ ജനന നിയന്ത്രണ നിയമങ്ങളില്‍ സർക്കുലർ പുറത്തിറക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. സർക്കുലർ നിയമ വിരുദ്ധമാണെന്നും ബെഞ്ച് വിലയിരുത്തി. ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിച്ച ശേഷം, ഭേദഗതിയിലൂടെ കേന്ദ്ര സർക്കാരിന് പുതിയ സർക്കുലർ പുറപ്പെടുവിക്കാമെന്ന് കോടതി പറഞ്ഞു.