ബെംഗളൂരു: മംഗലാപുരം ഉള്ളാളിൽ സഹകരണ ബാങ്കിൽ നിന്ന് തോക്ക് ചൂണ്ടി 10 കോടിയോളം വരുന്ന സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു. ഉള്ളാൾ കെസി റോഡിലുള്ള കോടെക്കർ സഹകാരി ബാങ്കിലാണ് കവർച്ച നടന്നത്. മുഖം മൂടി ധരിച്ച സംഘം ഉച്ചയ്ക്ക് 1.30ഓടെ ബാങ്കിലെത്തി കവർച്ച നടത്തുകയായിരുന്നു.
മോഷണ സംഘം ഹിന്ദിയും കന്നഡയും സംസാരിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഈ സമയത്ത് ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബാങ്കിൽ അപ്പോഴുണ്ടായിരുന്ന എല്ലാ പണവും സ്വർണവും സംഘം കൊള്ളയടിക്കുകയായിരുന്നു. 25നും 35നും ഇടയിൽ പ്രായമുള്ള ആറ് പേരാണ് മോഷണം നടത്തിയതെന്നും തോക്ക് ചൂണ്ടി ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി കൊള്ളയടിച്ച ശേഷം, സംഘം കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്നും സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാള്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
10 മുതൽ 12 കോടി രൂപ വരെ മൂല്യമുള്ള സ്വർണമാണ് സംഘം കവർന്നത്. കറുപ്പ് നിറത്തിലുള്ള ഫിയെറ്റ് കാറിലാണ് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. തുടർച്ചയായി രണ്ടാം തവണയാണ് കർണാടകയിൽ ബാങ്ക് കവർച്ച നടക്കുന്നത്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സിദ്ധാരാമയ്യ മംഗളൂരുവിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേർന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നിയമസഭാ സ്‌പീക്കർ യുടി ഖാദർ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മോഷ്‌ടാക്കളെ ഉടൻ അറസ്റ്റ് ചെയ്യാൻ എസിപിക്ക് നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്‌ധർ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
സിസിടിവി ഈ സമയം വർക്ക് ചെയ്‌തിരുന്നില്ല. അതുകൊണ്ട് തന്നെ ബാങ്കിനകത്തുള്ള ഒരു ദൃശ്യവും പൊലീസിന് ലഭിച്ചിട്ടില്ല. ബാങ്കിന് പുറത്തുനിന്നുള്ള ഒരു ദൃശ്യം മാത്രമേ ലഭിച്ചിട്ടുള്ളൂ. സംഘത്തിൽ ഉണ്ടായിരുന്നത് ആറ് പേരാണെന്ന് സിസിടിവി നോക്കി തിരിച്ചറിഞ്ഞിട്ടുണ്ട്. കവർച്ചക്ക് ശേഷം മോഷ്‌ടാക്കൾ കാറിൽ മംഗലാപുരം ഭാഗത്തേക്ക് രക്ഷപ്പെട്ടുവെന്നാണ് പൊലീസിൻ്റെ നിഗമനം.
Read More: പട്ടാപ്പകല്‍ നടുക്കുന്ന കൊള്ള; എടിഎമ്മിലേക്ക് പണവുമായി എത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവയ്‌പ്പ്, ഒരാള്‍ കൊല്ലപ്പെട്ടു, VIDEO - ATM CASH TRANSPORT VEHICLE ATTACKED