പട്‌ന: കൻവാർ യാത്രയ്ക്കിടെ ഡിജെ വാഹനം വൈദ്യുതി കമ്പിയില്‍ തട്ടി ബിഹാറില്‍ പത്തോളം പേര്‍ മരിച്ചു. ബിഹാറിലെ ഹാജിപൂർ ഇൻഡസ്ട്രിയൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മരിച്ചവരില്‍ പ്രായപൂർത്തിയാകാത്ത ഒരാളുമുണ്ടെന്നാണ് വിവരം. അപകടത്തില്‍ പത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സുൽത്താൻപൂർ ഗ്രാമത്തിൽ നിന്നുള്ള സംഘം സോൻപൂർ ബാബ ഹരിഹർനാഥിൽ ജലാഭിഷേകം നടത്താനായി ഗംഗാജലവുമായി സരണിലെ പഹേലജ ഘട്ടിലേക്ക് പോകവേയാണ് അപകടമുണ്ടായത്. വാഹനത്തില്‍ കയറ്റികൊണ്ടുപോവുകയായിരുന്ന ഡിജെ ട്രോളിയുടെ മുകൾ ഭാഗം 11,000 വോൾട്ട് വൈദ്യുതി കമ്പിയിൽ തട്ടുകയായിരുന്നു.