കേരളം

kerala

ETV Bharat / bharat

കാഞ്ചൻജംഗ ട്രെയിൻ അപകടം; മരണസംഖ്യ 10 ആയി - Kanchanjunga Train Accident

അപകടം ബാധിക്കാത്ത മറ്റ് കമ്പാർട്ടുമെൻ്റുകളിൽ യാത്രക്കാരെ കയറ്റി ട്രെയിൻ സീൽദാ സ്റ്റേഷനിൽ എത്തിച്ചേർന്നതായി അധികൃതർ.

KANCHANJUNGA TRAIN ACCIDENT UPDATES  കാഞ്ചൻജംഗ ട്രെയിൻ അപകടം  പശ്ചിമ ബംഗാൾ ട്രെയിൻ അപകടം  KANCHANJUNGA GOODS TRAIN COLLISION
Kanchanjunga Train Accident (ANI Photo)

By ETV Bharat Kerala Team

Published : Jun 18, 2024, 5:44 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിൽ കാഞ്ചൻജംഗ എക്‌സ്‌പ്രസ്-ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നു. സീൽദായിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്‌ഗുരി സ്‌റ്റേഷന് സമീപമായിരുന്നു കഴിഞ്ഞ ദിവസം ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചത്.

ന്യൂ ജൽപൈഗുരിയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ രംഗപാണി സ്‌റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. പിന്നീട് അപകടത്തില്‍ പെടാത്ത കോച്ചുകളുമായി കാഞ്ചൻജംഗ എക്‌സ്‌പ്രസ് സീൽദയിലേക്ക് എത്തിയതായി അധികൃതർ അറിയിച്ചു. അതേസമയം അപകടത്തിൽ പരിക്കേറ്റ് സിലിഗുരിയിലെ നോർത്ത് ബംഗാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസിലെ യാത്രക്കാരൻ ചൊവ്വാഴ്‌ച രാവിലെ മരണപ്പെട്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

ചരക്ക് ട്രെയിനിൻ്റെ ലോക്കോ പൈലറ്റ്, കാഞ്ചൻജംഗ എക്‌സ്പ്രസിൻ്റെ ഗാർഡ്, അപകടത്തിൽപ്പെട്ട രണ്ട് കമ്പാർട്ടുമെൻ്റുകളിലായി യാത്ര ചെയ്‌ത ഏഴ് യാത്രക്കാർ എന്നിവരുൾപ്പടെ ഒമ്പത് മൃതദേഹങ്ങൾ തിങ്കളാഴ്‌ച കണ്ടെടുത്തിരുന്നു. ഇതിൽ ഏഴുപേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

കാഞ്ചൻജംഗ എക്‌സ്‌പ്രസിൻ്റെ ഗാർഡ് ആശിഷ് ഡെ (47), ഗുഡ്‌സ് ട്രെയിനിൻ്റെ ലോക്കോ പൈലറ്റ് അനിൽ കുമാർ (46), യാത്രക്കാരായ സുഭാജിത് മാലി (32), സെലിബ് സുബ്ബ (36), ബ്യൂട്ടി ബീഗം (41), ശങ്കർ മോഹൻ ദാസ് (63), വിജയ് കുമാർ രാജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പശ്ചിമ ബംഗാൾ പൊലീസിൽ സബ് ഇൻസ്‌പെക്‌ടറാണ് സുബ്ബ.

അതേസമയം മരണപ്പെട്ട മറ്റ് മൂന്ന് പേരുടെ തിരിച്ചറിയൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കാഞ്ചൻജംഗ എക്‌സ്‌പ്രസിൻ്റെ പിൻഭാഗം പാഴ്‌സൽ കോച്ചും ഗാർഡ് കോച്ചുമായതാണ് അപകടത്തിന്‍റെ തീവ്രത പരിമിതപ്പെടുത്തിയതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. റൂട്ടിൽ ട്രെയിനുകളുടെ ഗതാഗതം പുനഃസ്ഥാപിച്ചതായും ഇന്ത്യൻ റെയിൽവേ അറിയിച്ചു.

അപകടത്തെത്തുടർന്ന്, നേരത്തെ കുറഞ്ഞത് 37 ട്രെയിനുകളെങ്കിലും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്‌തിരുന്നു. അതേസമയം അപകടത്തിൽപ്പെട്ട കാഞ്ചൻജംഗ എക്‌സ്‌പ്രസ് ചൊവ്വാഴ്‌ച പുലർച്ചെ 3.20-നാണ് സീൽദാ സ്റ്റേഷനിൽ എത്തിയത്. അപകടം ബാധിക്കാത്ത മറ്റ് കമ്പാർട്ടുമെൻ്റുകളിൽ യാത്രക്കാരെ കയറ്റിയാണ് ട്രെയിൻ സ്റ്റേഷനിലേക്ക് തിരിച്ചത്.

സംസ്ഥാന മുനിസിപ്പൽ കാര്യ, നഗരവികസന മന്ത്രിയും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കിം, സംസ്ഥാന ഗതാഗത മന്ത്രി സ്‌നേഹസിസ് ചക്രവർത്തി, സീൽദാ ഡിവിഷണൽ ജനറൽ മാനേജർ, റെയിൽവേ വകുപ്പിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സ്റ്റേഷനിൽ യാത്രക്കാരെ സ്വീകരിക്കാൻ എത്തിയിരുന്നു.

ALSO READ:ഡ്രൈവിങ് അറിയില്ല, മുന്നിലേക്ക് പോകാതെ വാഹനം റിവേഴ്‌സ് എടുത്തു; കാറോടിച്ച് റീല്‍ എടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

ABOUT THE AUTHOR

...view details