ന്യൂഡല്‍ഹി:ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കൂട്ടുപ്രതിയായ ശരത് ചന്ദ്ര റെഡ്ഡിയെ ബിആര്‍എസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിത ഭീഷണിപ്പെടുത്തിയതായി സിബിഐ. അരബിന്ദോ ഫാര്‍മ എന്ന പ്രമുഖ മരുന്ന് കമ്പനിയുടെ പ്രൊമോട്ടറാണ് ശരത് ചന്ദ്ര റെഡ്ഡി. ഡല്‍ഹി സര്‍ക്കാരിന്‍റെ എക്‌സൈസ് പോളിസി പ്രകാരം തൻ്റെ സ്ഥാപനത്തിന് അനുവദിച്ച അഞ്ച് റീട്ടെയിൽ സോണുകൾക്കായി 25 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കവിത ശരത് ചന്ദ്ര റെഡ്ഡിയെ ഭീഷണിപ്പെടുത്തിയതെന്ന് സിബിഐ കോടതിയെ അറിയിച്ചു.
ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ എക്‌സൈസ് പോളിസി പ്രകാരം തെലങ്കാനയിലും ഡൽഹിയിലുമുള്ള തന്‍റെ ബിസിനസ് തകര്‍ക്കുമെന്ന് കവിത റെഡ്ഡിയോട് പറഞ്ഞതായും സിബിഐ കോടതിയില്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കവിതയെ കൂടുതല്‍ ചോദ്യം ചെയ്യാൻ കസ്റ്റഡിയില്‍ വേണമെന്നും സിബിഐ ആവശ്യപ്പെട്ടു. സിബിഐ ആവശ്യം അംഗീകരിച്ച കോടതി ഏപ്രില്‍ 15 വരെ കെ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി.
കേസില്‍ മുഖ്യപങ്കുള്ള വ്യക്തിയാണ് കവിത എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിബിഐ ബിആര്‍എസ് നേതാവിന്‍റെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടണമെന്ന ആവശ്യം ഉന്നയിച്ചത്. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അടുത്ത അനുയായിയായ വിജയ് നായർക്ക് പണം കൈമാറിയത് കവിതയാണ്. സൗത്ത് ഗ്രൂപ്പിലെ ഒരു വ്യവസായി ആദ്യം അരവിന്ദ് കെജ്‌രിവാളിനെ കണ്ട് പിന്തുണ നല്‍കിയ ശേഷം കവിതയുമായി കൂടിക്കാഴ്‌ച നടത്തി.