ജോൺബീൽ (അസം): മാര്‍ക്കറ്റുകള്‍ ഒട്ടുമിക്ക എല്ലായിടങ്ങളിലുമുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരും വെറുതേ കാണാന്‍ വരുന്നവരുമൊക്കെയായി മാര്‍ക്കറ്റുകള്‍ എപ്പോഴും തിരക്കുപിടിച്ച ഓട്ടത്തിലായിരിക്കും. അസം മോറിഗാവ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ ജോൺബീലിലും വെള്ളിയാഴ്‌ച ഒരു മാര്‍ക്കറ്റ് തുറന്നു. വര്‍ഷത്തില്‍ ഒരിക്കലാണ് ഈ മാര്‍ക്കറ്റ്.
മുളകള്‍ നാട്ടി, അതിന് മുകളില്‍ ടാർപോളിന്‍ വലിച്ചുകെട്ടി കീഴെ സാധനങ്ങളെല്ലാം നിരത്തിയിട്ടുണ്ടാകും. പഴം പച്ചക്കറി ഭക്ഷണ സാധനങ്ങള്‍ തുടങ്ങി നിരവധിയിനങ്ങള്‍ കച്ചവടത്തിനായി നിരത്തിയിട്ടുണ്ട്. പുലർച്ചെ 5 മണി മുതൽ തന്നെ മാര്‍ക്കറ്റ് പ്രവർത്തനം ആരംഭിക്കും. ഇത് തന്നെയല്ലേ എല്ലാ മാര്‍ക്കറ്റിലും നടക്കുന്നത്?
എന്നാല്‍ ജോണ്‍ബീലിലെ മാര്‍ക്കറ്റിന് ഒരു ചെറിയ വ്യത്യാസമുണ്ട്, മറ്റേതു മാര്‍ക്കറ്റില്‍ നിന്നും ജോണ്‍ബീലിനെ വേറിട്ടു നിര്‍ത്തുന്ന വ്യത്യാസം. ഇവിടെ പണമല്ല സാധനങ്ങള്‍ക്ക് പകരമായി നല്‍കുക. ഏകദേശം 500 വർഷം മുമ്പ് ഇന്ത്യയില്‍ നിലനിന്നിരുന്ന ബാര്‍ട്ടര്‍ സമ്പ്രദായമാണ് ഇവിടെ. ആളുകള്‍ സാധനങ്ങള്‍ കൊടുത്ത് സാധനങ്ങള്‍ വാങ്ങും.
നാടൻ ഇഞ്ചി, കുരുമുളക്, മഞ്ഞൾ എന്നിവയുമായി എത്തിയവര്‍ അത് കൊടുത്ത് പിത്ത (അരി ദോശ), ലാരു (മധുരമുള്ള മാംസം), ഉണക്കമീന്‍ എന്നിവ വാങ്ങുന്നത് കാണാം. ടിൽ പിത്തകളും (എള്ള് കൊണ്ട് ഉണ്ടാക്കിയ അരി ദോശ) മത്സ്യവും കൊടുത്ത് കാച്ചിളും മഞ്ഞളും ഇഞ്ചിയും വാങ്ങുന്നവരെ കാണാം.
ബാർട്ടർ സമ്പ്രദായം ഇപ്പോഴും പ്രബലമായി നിലനിൽക്കുന്ന ഒരേയൊരു സ്ഥലമാണ് ജോൺബീൽ മേള. കേവലം കൈമാറ്റങ്ങള്‍ മാത്രമല്ല ഇവിടെ നടക്കുന്നത്. ഗ്രാമത്തിലെ കുന്നുകളിൽ നിന്നുള്ളവരും സമതലങ്ങളിൽ നിന്നുള്ളവരും കണ്ടുമുട്ടുകയും അവര്‍ ബന്ധം വളര്‍ത്തുകയും ചെയ്യുന്ന വേദി കൂടിയാണ് ജോണ്‍ബീല്‍ മേള.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.