ഹൈദരാബാദ്:രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചക്കുള്ള മറുപടിയായി ജൂലൈ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ പറഞ്ഞു- "ജമ്മു കശ്മീരില്‍ ഭീകരതയ്ക്കെതിരായ പോരാട്ടം അവസാന ഘട്ടത്തിലാണ്. അവിടെ അവശേഷിക്കുന്ന ഭീകര വലയത്തിന്റെ വേരറുക്കുന്നതിനുള്ള ബഹുമുഖ തന്ത്രവുമായി നാം മുന്നേറുകയാണ്". അഞ്ചു ദിവസം തികയുന്നതിനിടെ ഭീകരര്‍ ജമ്മുവില്‍ വീണ്ടും ആഞ്ഞടിച്ചു.
കത്വ ജില്ലയിലെ മച്ചേഡിയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത് അഞ്ച് സൈനികരാണ്. ഒരു മാസത്തിനിടയിലെ രണ്ടാമത്തെ വലിയ ഭീകരാക്രമണം. ദോഡ ജില്ലയിലെ ഭാദേര്വാഹയില് നടന്ന ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതിന്റെ കണ്ണീര് മായും മുമ്പാണ് കത്വയിലും ഭീകരര്‍ സൈന്യത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.
അടിക്കടിയുണ്ടാകുന്ന ഈ ഭീകരാക്രമണങ്ങള്‍ ജമ്മു കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ ശൈലിയും രീതിയും മാറുന്നുവെന്നതിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നുണ്ട്. മുമ്പ് കശ്മീര്‍ മേഖലയിലെ ബന്ദിപ്പോരയിലും കുല്‍ഗാമിലും പുല്‍വാമയിലും ഷോപിയാനിലും കുപ്വാരയിലുമൊക്കെയായിരുന്നു ഭീകരാക്രമണങ്ങള്‍ കൂടുതലും നടന്നതെങ്കില്‍ ഇന്ന് പതുക്കെ ആക്രമണങ്ങള്‍ ജമ്മു മേഖലയിലേക്ക് കേന്ദ്രീകരിക്കുകയാണ്. ജമ്മുവിലെ പൂഞ്ച്, രജൗരി, കത്വ ജില്ലകളിലാണ് ഭീകര പ്രവര്‍ത്തനം അടുത്ത കാലത്തായി ഏറി വരുന്നത്.
കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്കുന്ന ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനമെടുത്തത് 2019 ആഗസ്റ്റ് 5നായിരുന്നു. നടപടിക്ക് ശേഷം രണ്ട് വര്‍ഷത്തോളം ജമ്മു മേഖലയില്‍ കാര്യമായ ഭീകരാക്രമണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പതുക്കെ ഭീകരര്‍ കശ്മീർ താഴ്വര വിട്ട് ജമ്മുവിലേക്ക് ആക്രമണം വ്യാപിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്.
ജമ്മു കശ്മീര്‍ മുന്‍ ഡിജിപി ശീഷ് പോള്‍ വൈദ് പറയുന്നു- "മുമ്പൊക്കെ കശ്മീരായിരുന്നു ഭീകരരുടെ ലക്ഷ്യം. ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കിയതോടെ വലിയ മാറ്റമാണ് സംസ്ഥാനത്തുണ്ടായത്. ഒറ്റപ്പെട്ട ആക്രമണങ്ങളിലേക്ക് പിന്‍വലിയാന്‍ ഭീകരര്‍ നിര്‍ബന്ധിതരായി".
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കാനുള്ള 2019 ലെ നിര്‍ണായക തീരുമാനത്തെ തുടര്‍ന്നാണ് ഭീകരാക്രമണങ്ങള്‍ കശ്മീര്‍ താഴ്വര വിട്ട് ജമ്മു മേഖലയിലേക്ക് മാറുന്നത്. ദുര്‍ഘടമായ ഭൂമി ശാസ്ത്ര സവിശേഷതകള്‍ കൊണ്ടും രഹസ്യാന്വേഷണ വിവര ശേഖരണത്തിലുള്ള കുറവും ഭിന്ന വര്‍ഗങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശമെന്നതിനാലും ഇന്ത്യന്‍ സേനയ്ക്ക് ജമ്മുവിലെ ഏറ്റുമുട്ടല്‍ ദുഷ്കരമാണ്.
ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കിയതോടെ കശ്മീര്‍ താഴ്വരയില് ഇന്ത്യന്‍ സുരക്ഷ സേന പിടിമുറുക്കിയതും ജമ്മുവിലേക്ക് ഒളിയാക്രമണം മാറ്റാന്‍ ഭീകരരെ പ്രേരിപ്പിച്ചു. കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങള്‍ക്കിടെ ജമ്മുവിലെ ഭീകരാക്രമണങ്ങള്‍ വന്‍ തോതില്‍ ഉയരുകയാണ്. 2023ല്‍ മാത്രം ജമ്മു മേഖലയിലുണ്ടായത് 43 ഭീകരാക്രമണങ്ങളാണ്. ഈ വര്‍ഷം ഇതുവരെ 20 ഭീകരാക്രമണങ്ങളും മേഖലയിലുണ്ടായി.
- 8/7/24-ജമ്മു കശ്മീർ കത്വ ജില്ലയിലെ മച്ചേഡിയില്‍ ജൂലൈ 8 തിങ്കളാഴ്ച ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ആറു സൈനികര്‍ പരിക്കുകളോടെ ചികിത്സയിലാണ്.
- 11/6/24-ഭീകരാക്രമണത്തില്‍ 5 സൈനികര്‍ക്ക് പരിക്കേറ്റു. ആക്രമണം നടന്നത് ഭാദേര്വാഹ പ്രദേശത്തായിരുന്നു.
- 4/5/24-പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ ഒരു കോണ്‍വോയ് ആക്രമിച്ച ഭീകരര്‍ ഒരു സൈനികനെ വധിച്ചു. നാലു സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
- 12/1/24-പൂഞ്ച് ജില്ലയില്‍ത്തന്നെ സൈനികരുമായി പോവുകയായിരുന്ന ഒരു കോണ്‍വോയ്ക്ക് നേരെ ഭീകരര്‍ വെടിവയ്പ്പ് നടത്തിയെങ്കിലും ആളപായമുണ്ടായില്ല.
- 21/12/23- പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ 4 സൈനികര്‍ക്ക് ജീവാപായമുണ്ടായി. 3 പേര്‍ക്ക് പരിക്കേറ്റു. ദേരാ കി ഗലി എന്ന പ്രദേശത്ത് ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെ തുരത്താനുള്ള ഓപ്പറേഷന്റെ ഭാഗമായി അങ്ങോട്ട് നീങ്ങുകയായിരുന്ന സൈനികരാണ് ആക്രമിക്കപ്പെട്ടത്. രജൗറി പൂഞ്ച് ജില്ലകളുടെ അതിര്‍ത്തിയിലായിരുന്നു ആക്രമണം നടന്നത്.
- 22/11/23- രജൗറി ജില്ലയിലെ കലാക്കോട് വനമേഖലയില്‍ ഭീകരരുമായുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലില്‍ 5 ജവാന്മാര് കൊല്ലപ്പെട്ടു. രണ്ട് ഓഫിസര്‍മാര്‍ ഉള്‍പ്പടെയുള്ളവരാണ് ഈ ഏറ്റുമുട്ടലില്‍ വീരചരമമടഞ്ഞത്.
- 12/9/23-രജൗറി ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് കൊല്ലപ്പെട്ടു. 3 പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെയും വെടിവച്ചു വീഴ്ത്തി.
- 5/5/23-രജൗറിയിലെ കണ്ടി വനപ്രദേശത്ത് നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു ഒരു സൈനിക ഓഫീസര്‍ക്ക് പരിക്കേറ്റു.
- 20/4/23- പൂഞ്ച് ജില്ലയില്‍ രാഷ്ട്രീയ റൈഫിള്‍സിലെ ജവാന്മാരുമായി പോവുകയായിരുന്ന വാഹനത്തിനു നേരെ നടന്ന ആക്രമണത്തില്‍ 5 സൈനികര്‍ക്ക് വീരമൃത്യു.
- 11/8/22- രജൗറി ജില്ലയിലെ പര്‍ഗല്‍ ദര്ഗലില് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 5 സൈനികര്‍ക്ക് വീര ചരമം. 2 ചാവേറുകളേയും സൈന്യം വെടിവെച്ചിട്ടു.
- 14/10/21-ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ അടക്കം 4 സൈനികര്‍ മെന്തര്‍ സെക്ടറില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
- 11/10/21-സൂറന്‍കോട്ട് പ്രദേശത്ത് വനത്തോട് ചേര്‍ന്ന പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ അടക്കം 5 സൈനികര്‍ കൊല്ലപ്പെട്ടു.
ഭൂപ്രകൃതി അനുകൂല സാഹചര്യം
നിയന്ത്രണ രേഖയ്ക്കടുത്തുള്ള ഒളിത്താവളങ്ങളില്‍ ജമ്മു മേഖലയിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറായി നില്പ്പുള്ള എഴുപതോളം ഭീകരര്‍ സജീവമാണെന്ന് ജമ്മു കശ്മീര്‍ മുന്‍ ഡിജിപി ആര് ആര് സ്വെയ്ന് പറയുന്നു. പൊതുവേ പരന്നുകിടക്കുന്ന കശ്മീര്‍ താഴ്വരയെ അപേക്ഷിച്ച് ചെങ്കുത്തായ മലനിരകളും മറ്റുമുള്ള ജമ്മു മേഖല ഭീകരര്‍ക്ക് ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ അനുകൂല ഘടകമാകുന്നു. നിയന്ത്രണ രേഖയോടടുത്തു കിടക്കുന്ന രജൗറിയിലും പൂഞ്ചിലും കടന്നു കയറുക ഭീകരര്‍ക്ക് താരതമ്യേന എളുപ്പവുമാണ്. ഇങ്ങനെ നുഴഞ്ഞു കയറുന്നവര്‍ കുന്നുകളും കാടുകളും ഇതിനോട് ചേര്‍ന്നുള്ള ജനവാസ മേഖലകളും ഒളിത്താവളമാക്കുന്നതാണ് കാണുന്നത്.