ശ്രീനഗർ : ജമ്മു കശ്‌മീരിൽ ജൂൺ 9 ന് തീർഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടി. അക്രമികൾക്ക് വഴികാട്ടിയായി പ്രവർത്തിക്കുകയും അവർക്ക് അഭയം നൽകുകയും ചെയ്‌തയാളെയാണ് പിടികൂടിയത്. രജൗരിയിലെ ബന്ദ്രാഹിയിൽ താമസിക്കുന്ന മഖൻ ദിനിന്‍റെ മകൻ ഹകം ദിനാണ് അറസ്‌റ്റിലായത്. വനമേഖലയിലൂടെ ആക്രമണം നടന്ന സ്ഥലത്തേക്കും തിരിച്ചും ഭീകരരെ ഹകം ദിൻ നയിച്ചതായി റിയാസി സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്‌പി) മോഹിത ശർമ അറിയിച്ചു.
'ആക്രമണത്തിൽ മൂന്ന് പാകിസ്ഥാൻ ഭീകരർ ഉൾപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവമുണ്ടായേക്കാമെന്നതിന്‍റെ എന്തെങ്കിലും സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നില്ല. "പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങും ഇന്ത്യ - പാകിസ്ഥാൻ ക്രിക്കറ്റ് മത്സരവും കാരണം പൊതു അലേർട്ട് ഉണ്ടായിരുന്നു, എന്നാൽ ഇത്തരത്തിൽ ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല' - മോഹിത ശർമ്മ പറഞ്ഞു.
ഐപിസി സെക്ഷൻ 302, 307, ആയുധ നിയമത്തിലെ സെക്ഷൻ 727, യുഎപിഎ സെക്ഷൻ 16, 18, 20 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ആക്രമണത്തിന് മുമ്പ് ബന്ദ്രാഹിയിലെ ഹകം ദിനിന്‍റെ വീട്ടിൽ ഭീകരർ താമസിച്ചിരുന്നുവെന്നും അവർക്ക് ഹകം ഭക്ഷണവും അഭയവും നൽകിയിരുന്നതായും എസ്എസ്‌പി മോഹിത ശർമ വെളിപ്പെടുത്തി.