ന്യൂഡൽഹി : പുതിയ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി ഗോവിന്ദ് മോഹൻ ഇന്ന് (23-08-2024) ചുമതലയേറ്റു. കഴിഞ്ഞ ആഴ്‌ചയാണ് അജയ് കുമാര്‍ ഭല്ലയ്ക്ക് പകരം ഗോവിന്ദ് മോഹനെ ആഭ്യന്തര സെക്രട്ടറിയാക്കി ഉത്തരവിറങ്ങിയത്. ജമ്മു കശ്‌മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്നതായിരിക്കും ആഭ്യന്തര സെക്രട്ടറിക്ക് മുന്നിലെ അടിയന്തര വെല്ലുവിളി.
ഒരു ദശാബ്‌ദത്തിന് ശേഷമാണ് ജമ്മു കശ്‌മീർ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18, 25, ഒക്‌ടോബർ 1 തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം ഒക്‌ടോബർ 4-ന് പ്രഖ്യാപിക്കും. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്‌മീരിൽ നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്.
ചുമതലയേറ്റയുടനെ, രാജ്യത്തുടനീളമുള്ള ആഭ്യന്തര സുരക്ഷയുടെ വിവിധ വശങ്ങളെ കുറിച്ച് ഗോവിന്ദ് മോഹൻ ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. രാജ്യത്തെ നിലവിലെ ക്രമസമാധാന നിലയും ജമ്മു കശ്‌മീരിന്‍റെ നിലവിലെ അവസ്ഥയും അദ്ദേഹം വിലയിരുത്തിയതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.