ശ്രീനഗർ : നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് സംഘത്തെ സുരക്ഷ സേന പിടികൂടി. നാല് ഭീകരരെ പിടകൂടിയിട്ടുണ്ടെന്ന് ജമ്മു കശ്‌മീർ പൊലീസ് അറിയിച്ചു. ഇവരിൽ നിന്ന് മാരക ആയുധങ്ങളും സുരക്ഷ സേന പിടിച്ചെടുത്തു.
പൊലീസ് പറയുന്നതനുസരിച്ച് ശ്രീനഗർ പൊലീസ് ഉദ്യോഗസ്ഥരും, 29 ബിഎൻ സിആർപിഎഫ് ബറ്റാലിയനും ഉൾപ്പെടുന്ന സംയുക്ത സംഘം കെനിഹാമ പ്രദേശത്ത് ഒരു ചെക്‌പോസ്‌റ്റ് സ്ഥാപിച്ച് വാഹനങ്ങൾ പരിശോധിച്ച് വരികയായിരുന്നു. ഇതിനിടെയാണ് നാല് ഭീകരർ പിടിയിലായത്.
ഭീകരർ യാത്ര ചെയ്‌ത വെള്ള നിറത്തിലുള്ള കാർ സംഘം തടഞ്ഞു നിർത്തി പരിശോധിച്ചപ്പോണാണ് ഭീകരരാണ് വാഹനത്തിൽ ഉള്ളതെന്ന് തിരിച്ചറിഞ്ഞത്. ശ്രീനഗറിലും സമീപപ്രദേശങ്ങളിൽ നിന്നുമുള്ളവരാണ് പിടിയിലായത്. മുഹമ്മദ് യാസീൻ ഭട്ട്, ഷെറാസ് അഹമ്മദ് റാത്തർ, ഗുലാം ഹസൻ ഖണ്ഡേ, ഇംതിയാസ് അഹമ്മദ് ഭട്ട് എന്നിവരാണ് അറസ്‌റ്റിലായത്.
ഭീകരരുടെ കാറിൽ നടത്തിയ പരിശോധനയിൽ മൂന്ന് മാഗസിനുകളുള്ള ഒരു എകെ 56 റൈഫിൾ, 7.62 x 39 എംഎം വെടിയുണ്ടകളുള്ള 75 റൗണ്ടുകൾ, രണ്ട് മാഗസിനുകളുള്ള ഒരു ഗ്ലോക്ക് പിസ്റ്റൾ, 9 എംഎം വെടിയുണ്ടകളുള്ള 26 റൗണ്ടുകൾ, ആറ് ചൈനീസ് ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തുവെന്ന് പൊലീസ് പറഞ്ഞു.
Also read : ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചു, ജമ്മു കശ്‌മീര്‍ പീപ്പിള്‍സ് ഫ്രീഡം ലീഗിന് നിരോധനം; ജെകെഎല്‍എഫിന്‍റെ വിലക്ക് നീട്ടി ആഭ്യന്തര മന്ത്രാലയം