ലഖ്‌നൗ: വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍ കുറയ്‌ക്കാനും നിയന്ത്രിക്കാനും പുതിയ പദ്ധതിയുമായി ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍. 'ഹെല്‍മെറ്റ് ഇല്ലെങ്കില്‍ ഇനി ഇന്ധനവും ഇല്ല' എന്ന നിര്‍ദേശം സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും കര്‍ശനമായി നടപ്പിലാക്കണമെന്ന് ഉത്തർപ്രദേശ് ഗതാഗത വകുപ്പ് ഉത്തരവിട്ടു. പ്രത്യേകിച്ച്, ഇരുചക്ര വാഹനാപകടങ്ങളും മരണനിരക്കും കുറയ്ക്കുന്നതിനാണ് പുതിയ നീക്കം.
പിൻസീറ്റ് യാത്രക്കാരുൾപ്പെടെ ഹെൽമെറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാർക്ക് ഇന്ധനം വിൽക്കരുതെന്ന് പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് എല്ലാ പെട്രോള്‍ പമ്പ് ഉടമകള്‍ക്കും ഗതാഗത കമ്മിഷണർ ബ്രജേഷ് നരേൻ സിങ് കത്ത് നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ 75 ജില്ലകളിലെയും ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്കും ഡിവിഷണൽ കമ്മിഷണർമാർക്കും കത്ത് അയച്ചിട്ടുണ്ട്. വിഷയത്തില്‍ അടിയന്തരമായി നടപടി എടുക്കണമെന്നും കത്തില്‍ ഊന്നിപ്പറയുന്നു. ഇരുചക്ര വാഹന അപകടങ്ങളിൽ പെടുന്നവരിൽ ഭൂരിഭാഗം പേരും ഹെൽമെറ്റ് ധരിക്കുന്നില്ലെന്നും മരണനിരക്ക് കൂടാൻ ഇതു കാരണമാകുന്നുവെന്നും കത്തില്‍ പറയുന്നു.
'ഇരുചക്ര വാഹന യാത്രികർ ഉൾപ്പെടുന്ന റോഡപകടങ്ങളിൽ മരണപ്പെടുന്നതിന്റെ ഭൂരിഭാഗവും ഹെൽമെറ്റ് ഉപയോഗിക്കാത്തതുകൊണ്ടാണ്. ജീവൻ രക്ഷിക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നയം,' എന്ന് കത്തിൽ വ്യക്തമാക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2019ൽ ഗൗതം ബുദ്ധ നഗർ ജില്ലയിൽ ഈ പദ്ധതി നേരത്തെ അവതരിപ്പിച്ചിരുന്നുവെങ്കിലും ഇടയ്ക്കിടെ മാത്രമേ ഇത് നടപ്പിലാക്കിയിട്ടുള്ളൂവെന്ന് സിങ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇനി നിയമം കർശനമായി നടപ്പിലാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഈ നയം ഫലപ്രദമായി നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനുള്ള നടപടികളും ഗതാഗത കമ്മിഷണർ വിശദീകരിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവ ഉപയോഗിച്ചുള്ള ബോധവൽക്കരണ കാമ്പെയ്‌നുകൾ വലിയ തോതിൽ നടത്തണമെന്നും നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികാരികള്‍ ഇടയ്‌ക്കിടെ പരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെട്രോൾ പമ്പുകളിൽ സുരക്ഷാ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകത സിങ് ഊന്നിപ്പറഞ്ഞു, യാത്രക്കാരില്‍ അവബോധം വളർത്തുന്നതിന് "ഹെൽമെറ്റ് ഇല്ല, ഇന്ധനം ഇല്ല" എന്ന ബോർഡുകൾ സ്ഥാപിക്കണം. ഈ നിര്‍ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, അവബോധം വര്‍ധിപ്പിക്കുന്നതിനും മാധ്യമങ്ങളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം ആദ്യം സംസ്ഥാനത്തെ റോഡ് സുരക്ഷാ നടപടികൾ അവലോകനം ചെയ്യുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഈ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. റോഡപകടങ്ങൾ മൂലം സംസ്ഥാനത്ത് പ്രതിവർഷം 25,000-26000 ജീവൻ നഷ്‌ടപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.