ന്യൂഡല്‍ഹി:രാജ്യസഭയിലെ പ്രതിപക്ഷ നിരയില്‍ നിന്ന് നോട്ട് കെട്ടുകള്‍ കണ്ടെടുത്തതായി സഭാധ്യക്ഷനും ഉപരാഷ്‌ട്രപതിയുമായ ജഗദീപ് ധന്‍കര്‍. സീറ്റ് നമ്പര്‍ 222ല്‍ നിന്നാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് അംഗം അഭിഷേക് മനു സിംഗ്‌വിയുടെ സീറ്റിനടിയില്‍ നിന്നാണ് 500 രൂപയുടെ നോട്ട് കെട്ടുകള്‍ കണ്ടെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പതിവു പരിശോധനയ്ക്കിടെയാണ് പണക്കെട്ട് കണ്ടെത്തിയതെന്നും രാജ്യസഭാധ്യക്ഷൻ അറിയിച്ചു. തെലങ്കാനയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കോണ്‍ഗ്രസ് പ്രതിനിധിയാണ് അഭിഷേക് മനു സിംഗ്‌വി. കഴിഞ്ഞ ദിവസം സഭ പിരിഞ്ഞ ശേഷം നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ സഭാധ്യക്ഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവം അതീവ ഗൗരവമുള്ളതാണെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ പ്രതികരിച്ചു. അന്വേഷണത്തിന് ശേഷമേ വിശദാംശങ്ങള്‍ പുറത്ത് വരൂ എന്നും അദ്ദേഹം വ്യക്തമാക്കി. നാമെല്ലാവരും ഇതിനെ അപലപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ടെത്തിയത് വ്യാജ കറന്‍സികളാകാൻ സാധ്യതയുണ്ടെന്നും സംഭവം അതീവ ഗൗരവമുള്ളതാണെന്നും പിയൂഷ് ഗോയല്‍ പ്രതികരിച്ചു. അതേസമയം, വിഷയത്തില്‍ പ്രതികരിച്ച് അഭിഷേക് മനു സിംഗ്‌വി രംഗത്തെത്തി. താന്‍ ഉച്ചയ്ക്ക് 12.57നാണ് സഭയിലെത്തിയതെന്നും ഒരു മണിയോടെ മടങ്ങിയെന്നും അദ്ദേഹം പ്രതികരിച്ചു. സാധാരണയായി താന്‍ ഒരു അഞ്ഞൂറ് രൂപ നോട്ട് തന്‍റെ പോക്കറ്റില്‍ സൂക്ഷിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read:രാജ്യസഭാധ്യക്ഷനെതിരെ ഇംപീച്ച്മെന്‍റിനൊരുങ്ങി പ്രതിപക്ഷം; സാധുതയെന്ത്...?