ന്യൂഡൽഹി :കള്ളപ്പണക്കേസില്‍ ബോളിവുഡ് നടി ജാക്വലിന്‍ ഫെർണാണ്ടസിന്‍റെ ഹർജിയെ എതിർത്ത് ഇഡി. സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ (Money Laundering) കേസിൽ തനിക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാക്വലിന്‍ ഫെർണാണ്ടസ്, ഡൽഹി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്. എന്നാല്‍ അതില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇഡി എതിർക്കുകയായിരുന്നു.
കേസിൽ തനിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇഡി സമർപ്പിച്ച എഫ്ഐആറും കുറ്റപത്രവും റദ്ദാക്കണമെന്നാണ് നടിയുടെ ആവശ്യം. ജാക്വലിന്‍ ഫെർണാണ്ടസ് നൽകിയ ഹർജിക്ക് മറുപടി നൽകാൻ ഹൈക്കോടതി ഇഡിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എതിര്‍ത്ത് രംഗത്തെത്തുകയായിരുന്നു ഇഡി.
സുകേഷ് ചന്ദ്രശേഖർ എന്ന വ്യക്തിയുടെ ക്രിമിനൽ പശ്ചാത്തലം നന്നായി അറിഞ്ഞിട്ടും, അയാൾ നടത്തുന്ന ദുരൂഹ ഇടപെടലുകള്‍ അറിയാമായിരുന്നിട്ടും സമ്മാനങ്ങൾ സ്വീകരിക്കാൻ തയ്യാറായ സാഹചര്യത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് അവരെ പ്രതിയാക്കിയതെന്നാണ് ഇഡി പറയുന്നത്. ജാക്വലിന് വെണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് അഗർവാൾ, അഡ്വക്കേറ്റ് പ്രശാന്ത് പാട്ടീൽ എന്നിവർ കോടതിയിൽ ഹാജരായി. പൊതുജനം ശ്രദ്ധിക്കുന്ന ഒരാളെ കള്ളപ്പണക്കേസില്‍ മുദ്രകുത്തുന്നത് വലിയ പ്രശ്‌നമാണെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. നടിയുടെ പരാതി പൂർണമായും റദ്ദാക്കരുതെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.