റിയോ/ന്യൂഡൽഹി: ജഡ്‌ജിമാർ രാജകുമാരന്മാരോ പരമാധികാരികളോ അല്ലെന്നും അവർ സേവനദാതാക്കളും സമൂഹങ്ങളെ അവകാശങ്ങൾ ഉറപ്പിക്കാന്‍ പ്രാപ്‌തരാക്കുന്നവരാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. 'സാമ്രാജ്യങ്ങൾ' അടിച്ചേൽപ്പിക്കുന്നതല്ല നമ്മുടെ കോടതികളെന്നും ജനാധിപത്യ വ്യവഹാര ഇടങ്ങളായി അവ പുനർവിഭാവനം ചെയ്‌തിരിക്കുന്നുവെന്നും ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ജെ-20 ഉച്ചകോടിയുടെ ആഭിമുഖ്യത്തിൽ ബ്രസീലിലെ റിയോയിൽ 'ഡിജിറ്റൽ പരിവർത്തനവും സാങ്കേതിക വിദ്യയുടെ ഉപയോഗവും ജുഡീഷ്യൽ കാര്യക്ഷമതയും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തിമ വിധിയും അതിലേക്കുള്ള വഴിയും സുതാര്യവും നിയമവിദ്യാഭ്യാസമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ മനസിലാക്കാന്‍ കഴിയുന്നതും, എല്ലാവർക്കും ഒപ്പം നടക്കാൻ കഴിയുന്നത്ര വിശാലവും ആയിരിക്കണം. കൊവിഡ് 19 നമ്മുടെ കോടതി സംവിധാനങ്ങളുടെ അതിരുകൾ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യൽ കാര്യക്ഷമതയെക്കുറിച്ച് പറയുമ്പോൾ, ജഡ്‌ജിയുടെ കാര്യക്ഷമതമാത്രമല്ല, സമഗ്രമായ ഒരു ജുഡീഷ്യൽ പ്രക്രിയയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യണമെന്ന് സിജെഐ ഊന്നിപ്പറഞ്ഞു. "ഫലങ്ങളിൽ മാത്രമല്ല, ഈ പ്രക്രിയകളിലും കാര്യക്ഷമത അടങ്ങിയിരിക്കുന്നു- ഇത് സ്വതന്ത്രവും ന്യായവുമായ ഹിയറിങ് ഉറപ്പാക്കുന്നു"- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതികൾ ഒരു "ഷാഡോ ഫംഗ്‌ഷൻ" നിർവഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അവ സമൂഹത്തിന് മാർഗനിർദേശങ്ങൾ സൃഷ്‌ടിക്കുന്നു. "കോടതികളും ജനങ്ങളും തമ്മിലുള്ള ആശയവിനിമയം വ്യക്തിഗത കേസുകളിലെ ഫലങ്ങളില്‍ മാത്രമായി ഒതുങ്ങുന്നില്ല. കോടതി വിധിയുമായുള്ള ആരോഗ്യപരമായ ഇടപെടലും ഇതില്‍ ഉള്‍പ്പെടുന്നു" സിജെഐ പറഞ്ഞു.