ശ്രീനഗര്‍: കശ്‌മീര്‍ താഴ്‌വരയുടെ വിവിധ ഭാഗങ്ങളിൽ തീവ്രമായ തണുപ്പ് രേഖപ്പെടുത്തി. മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം രാത്രി സീസണിലെ കൊടും തണുപ്പാണ് രേഖപ്പെടുത്തിയത്. ശ്രീനഗറിലും മറ്റ് പല സ്ഥലങ്ങളിലും സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം (ഡിസംബര്‍ 9) രേഖപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു.
ഈ സീസണിലെ രാത്രിയിലെ താപനില സാധാരണയിൽ നിന്ന് 2.7 മുതൽ 5.7 ഡിഗ്രി വരെ താഴ്‌ന്നു. ശ്രീനഗർ നഗരത്തിൽ കുറഞ്ഞ താപനില മൈനസ് 5.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു, കഴിഞ്ഞ രാത്രിയിലെ താപനില മൈനസ് 3.3 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു.
നഗരത്തിൽ ഇതുവരെയുള്ള സീസണിലെ ഏറ്റവും തണുപ്പുള്ള രാത്രിയാണ് കഴിഞ്ഞ ദിവസത്തേതെന്നും, താപനില സാധാരണയിൽ നിന്ന് 4.8 ഡിഗ്രി കുറവാണെന്നും അധികൃതര്‍ പറഞ്ഞു.
താഴ്‌വരയുടെ ചില ഭാഗങ്ങളിൽ ശക്തമായ തണുപ്പ് കാരണം ജലവിതരണ പൈപ്പുകൾ മരവിച്ചതായി അധികൃതർ അറിയിച്ചു. വടക്കൻ കശ്‌മീരിലെ പ്രശസ്‌തമായ സ്‌കീ റിസോർട്ടായ ഗുൽമാർഗിലെ രാത്രി താപനില മൈനസ് 9.0 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു, ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് രേഖപ്പെടുത്തിയത്.
അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പായി പ്രവർത്തിക്കുന്ന പഹൽഗാമിൽ മൈനസ് 8.4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കശ്‌മീരിലേക്കുള്ള ഗേറ്റ്‌വേ നഗരമായ ഖാസിഗണ്ടിൽ മൈനസ് 6.4 ഡിഗ്രി സെൽഷ്യസും വടക്കൻ കശ്‌മീരിലെ കുപ്‌വാരയിൽ കുറഞ്ഞത് മൈനസ് 4.5 ഡിഗ്രി സെൽഷ്യസും തെക്കൻ കശ്‌മീരിലെ കോക്കർനാഗിൽ മൈനസ് 4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. കശ്‌മീരിലെ ഉയർന്ന പ്രദേശങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിലെ രാത്രിയിൽ മഞ്ഞു വീഴ്‌ചയും ഉണ്ടായി.