2023 -24വര്‍ഷത്തില്‍ ഒരു ലക്ഷം പേറ്റന്‍റുകള്‍ നല്‍കിയതായി വ്യവസായ-വാണിജ്യമന്ത്രാലയം. ആദ്യമായാണ് ഇത്രയധികം പേറ്റന്‍റുകള്‍ ഒരു വര്‍ഷം നല്‍കുന്നത്. ഈ സാമ്പത്തിക വര്‍ഷം മാത്രം പേറ്റന്‍റ് ഓഫിസില്‍ എത്തിയത് 90,300 അപേക്ഷകളാണ്. ഇതും എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ രാജ്യത്തെ കണ്ടുപിടുത്തങ്ങളുടെയും ബൗദ്ധിക സ്വത്തവകാശങ്ങളെയും വിശകലനം ചെയ്യുകയാണ് ലേഖകന്‍.
- കണ്ടുപിടിത്തങ്ങളും സമ്പദ്ഘടനയും
കഴിഞ്ഞ അന്‍പത് കൊല്ലത്തിനിടെ ലോകം കാര്‍ഷിക സമ്പദ്ഘടനയില്‍ നിന്ന് വ്യവസായിക സമ്പദ്ഘടനയായി പരിണമിച്ചു. ഇപ്പോഴിത് വൈജ്ഞാനിക സമ്പദ്ഘടനയിലേക്കുള്ള പ്രയാണത്തിലാണ്. കണ്ടുപിടിത്തങ്ങളും ബൗദ്ധികസ്വത്തുക്കളും വൈജ്ഞാനിക സമ്പദ്ഘടനയില്‍ വളരെ നിര്‍ണായകമാണ്. കണ്ടുപിടിത്തങ്ങള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് വളരെ അത്യന്താപേക്ഷിതമാണ്, ജീവിത നിലവാരം ഉയര്‍ത്താനും സമൂഹത്തിന്‍റെ ദീര്‍ഘകാല സുസ്ഥിരതയ്ക്കും മത്സരക്ഷമതയ്ക്കും പ്രത്യേകിച്ച്.
കണ്ടെത്തലുകളെ പേറ്റന്‍റ് നല്‍കി സംരക്ഷിക്കേണ്ടതും നിര്‍ണായകമാണ്. പേറ്റന്‍റ് നല്‍കുന്നതിലൂടെ ആര്‍ ആന്‍ഡ് ഡി നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു. സാങ്കേതികത കൈമാറ്റത്തെ ഫലപ്രദമാക്കുന്നു, രാജ്യാന്തര വാണിജ്യത്തെയും സാങ്കേതിക നേതൃത്വത്തെയും പ്രോത്സാഹിപ്പിക്കുന്നു. ബൗദ്ധിക സ്വത്തുക്കള്‍ക്ക് വാണിജ്യമേഖലയില്‍ സമ്പദ്ഘടനയുടെ വരുമാനത്തില്‍ നിര്‍ണായക സ്ഥാനമാണുള്ളത്. സമ്പദ്ഘടനയുടെ ആകെയുള്ള പ്രകടനത്തിന്‍റെ രണ്ട് പ്രധാന സൂചികകളായ മൊത്ത ആഭ്യന്തര ഉത്പാദനം, തൊഴില്‍ എന്നിവയുമായി ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നു.
രണ്ട് കൊല്ലം കൊണ്ട് രാജ്യത്തെ അഞ്ച് ലക്ഷം കോടി ഡോളര്‍ ആസ്‌തിയുള്ള സമ്പദ്ഘടനയാക്കുകയാണ് ലക്ഷ്യം. 2047ഓടെ ജപ്പാനെയും ജര്‍മ്മനിയെയും പിന്തള്ളി ഇത് 35 ലക്ഷം കോടി ഡോളറാക്കാനും ലക്ഷ്യമിടുന്നു. അതായത് പ്രതിശീര്‍ഷ വരുമാനം 26,000 ഡോളറിലെത്തിക്കുക, എന്ന് വച്ചാല്‍ ഇപ്പോഴത്തേതിന്‍റെ ഏകദേശം പതിമൂന്ന് മടങ്ങ്. മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ ഇന്ത്യയ്ക്ക് ബൗദ്ധിക സ്വത്തുക്കളുടെ വാണിജ്യം തീവ്രമാക്കേണ്ടതുണ്ട്. ഇതില്‍ നിന്ന് മൊത്ത ആഭ്യന്തര ഉത്പാദനത്തിലേക്ക് സംഭാവനകളെത്തണം. അത് അമേരിക്കയുടേതിന് സമാനമാകുകയും വേണം. അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 41 ശതമാനവും എത്തുന്നത് ബൗദ്ധിക സ്വത്ത് സംരക്ഷണത്തിലൂടെയാണ്. തൊഴില്‍ സേനയുടെ മൂന്നിലൊന്നും ഇതിനായി വിനിയോഗിക്കുന്നു.
മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയെന്ന ലക്ഷ്യത്തിലേക്ക് നമുക്ക് എത്തണമെങ്കില്‍ നമ്മള്‍ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും കഴിയുന്നത്ര വേഗത്തില്‍ നാം നേരിട്ടേ മതിയാകൂ. ബൗദ്ധിക സ്വത്ത് സൂചികയില്‍ അമേരിക്ക എന്നും ഒന്നാം സ്ഥാനത്താണ്. നമ്മുടെ സ്ഥാനം ഇക്കൊല്ലം 42-ാമതാണ്.
- ആഗോള സാഹചര്യം
ലോകമെമ്പാടും ബൗദ്ധിക സ്വത്ത് അവകാശ അപേക്ഷകളില്‍ 2013നും 2023നുമിടയില്‍ അറുപത് ശതമാനത്തിലേറെ വര്‍ധനയുണ്ടായി. പേറ്റന്‍റുകളിലും വാണിജ്യ രൂപകല്‍പ്പനയിലൂടെയുമാണത്. 2014ല്‍ നിന്ന് 2023ലെത്തുമ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ട പേറ്റന്‍റുകളുടെ എണ്ണം 4.65 ലക്ഷത്തിലെത്തി. 2004-2013വര്‍ഷങ്ങളില്‍ നിന്ന് 44 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
- ചില കണക്കുകള്‍
2023ലെ വിപ്പോ റിപ്പോര്‍ട്ട് പ്രകാരം ചൈനയ്ക്കാണ് ഏറ്റവും കൂടുതല്‍ പേറ്റന്‍റുകളുള്ളത്. 1,619,268 പേറ്റന്‍റുകളാണ് ചൈനയ്ക്ക് ലഭിച്ചത്. 2.1 ശതമാനമാണ് പ്രതിവര്‍ഷ വര്‍ധന. തൊട്ടുപിന്നാലെ അമേരിക്കയുണ്ട്. 594,340 പേറ്റന്‍റുകളാണ് ഇവര്‍ക്ക് കിട്ടിയത്. 0.5 ശതമാനമാണ് അമേരിക്കന്‍ പേറ്റന്‍റുകളുടെ പ്രതിവര്‍ഷ വര്‍ധന.
ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. 289,530 ആണ് ഇവരുടെ പേറ്റന്‍റുകളുടെ എണ്ണം. നാലാം സ്ഥാനത്തുള്ള കൊറിയയ്ക്ക് 237,633 പേറ്റന്‍റുകളുണ്ട്. 0.2 ശതമാനമാണ് ഇവരുടെ പ്രതിവര്‍ഷ വളര്‍ച്ചാനിരക്ക്. യൂറോപ്യന്‍ പേറ്റന്‍റ് ഓഫിസ് നല്‍കിയത് 193,610 പേറ്റന്‍റുകളാണ്. പ്രതിവര്‍ഷ വളര്‍ച്ചാനിരക്ക് 2.6 ശതമാനവും. ഇന്ത്യയാണ് ആറാമതുള്ളത്. നമ്മുടെ പ്രതിവര്‍ഷ വളര്‍ച്ചാനിരക്ക് പതിനേഴ് ശതമാനമാണ്.
- ബൗദ്ധിക സ്വത്താവകാശത്തില്‍ ഇന്ത്യയുടെ വളര്‍ച്ച
ഇന്ത്യയുടെ യാത്ര ശ്രദ്ധേയമാണ്. കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ 25.2 ശതമാനം വര്‍ധനയാണ് ഈ രംഗത്ത് നമ്മുടെ രാജ്യത്തിനുണ്ടായത്. നാം വളരെ വേഗത്തില്‍ ചൈനയെ മറികടന്നു. കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ പേറ്റന്‍റ് അപേക്ഷകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായി. 2013-14ല്‍ ആകെ പേറ്റന്‍റ് അപേക്ഷകളുടെ എണ്ണം 42591 ആയിരുന്നു. ഇതില്‍ 10941എണ്ണം ഇന്ത്യക്കാരുടേത് ആയിരുന്നു. ഇന്ത്യക്കാരുടെ അപേക്ഷകളുടെ ക്രമാനുഗതമായ വര്‍ധനയുണ്ടായി.
ഒന്‍പത് കൊല്ലത്തിനിടെ അതായത് 2022-23ല്‍ 82,811 പേറ്റന്‍റ് അപേക്ഷകള്‍ നല്‍കപ്പെട്ടപ്പോള്‍ അതില്‍ 43,301 എണ്ണവും ഇന്ത്യക്കാരുടേത് ആയിരുന്നു. അഥവ ഇന്ത്യക്കാരുടെ പങ്കാളിത്തം 2013-13ലെ 25.69 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 52.29 ശതമാനമായി വര്‍ധിച്ചു. അതുപോലെ തന്നെ കിട്ടിയ പേറ്റന്‍റുകളുടെ എണ്ണം 2013-14ലെ 9.92 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 41.22 ശതമാനമായി വര്‍ധിച്ചു.
2023 ഡിസംബര്‍ വരെ ഇന്ത്യ 8.40 ലക്ഷം പേറ്റന്‍റുകള്‍ പ്രസിദ്ധീകരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് 2014-15 മുതല്‍ 2022-23 വരെ നിത്യവും ശരാശരി 127 പേറ്റന്‍റുകള്‍ വീതം പ്രസിദ്ധീകരിച്ചുവെന്ന് അര്‍ഥം. 2004-2013 വര്‍ഷത്തില്‍ ഇത് 89 എന്ന തോതിലായിരുന്നു. 2.30 ലക്ഷമാണ് ഇന്ത്യക്കാരായ അപേക്ഷകരുടെ എണ്ണം. അമേരിക്കയും ജപ്പാനുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
- കണ്ടെത്തല്‍ മേഖലകള്‍
പരമ്പരാഗത മേഖലകളായ യന്ത്ര-രസതന്ത്ര മേഖലകളിലെ കണ്ടുപിടിത്തങ്ങള്‍ യഥാക്രമം 20, 16 ശതമാനമാണ്. പുതുയുഗ സാങ്കേതികതകളായ കമ്പ്യൂട്ടര്‍, ഇലക്‌ട്രോണിക്‌സ്, ആശയവിനിമയ മേഖലകളില്‍ യഥാക്രമം 11, 10, 9 ശതമാനം വീതമാണ് ഇത്. വസ്‌ത്ര, ഭക്ഷ്യ, പൗര മേഖലകളില്‍ നിന്നുള്ള കണ്ടുപിടിത്തം ഒരു ശതമാനം വീതമാണ്.
- സംസ്ഥാനങ്ങളിലെ കണ്ടുപിടിത്തങ്ങള്‍