ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ദശകത്തില്‍ ഉഷ്‌ണതരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് ശിശുക്കളെയും 65 വയസിനും അതിന് മുകളില്‍ പ്രായമുള്ളവരെയുമാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ലാൻസെറ്റ്. ഓരോ വർഷവും ദിവസേന ശരാശരി എട്ട് പേര്‍ ഉഷ്‌ണതരംഗത്തിന് വിധേയരായിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു. 1990-1999 കാലത്തെ അപേക്ഷിച്ച് ശിശുക്കളിൽ 47 ശതമാനവും മുതിർന്നവരിൽ 58 ശതമാനവും ഉഷ്‌ണതരംഗത്തിന് വർധനവ് ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ചുള്ള ലാൻസെറ്റ് കൗണ്ട്‌ഡൗണിന്‍റെ പുതിയ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
2023 ൽ മാത്രം ഇന്ത്യയിലെ ജനങ്ങള്‍ ഏകദേശം 2,400 മണിക്കൂർ അല്ലെങ്കിൽ 100 ദിവസത്തേക്കെങ്കിലും മിതമായതോ ഉയർന്നതോ ആയ ഉഷ്‌ണതരംഗത്തിന് വിധേയരായതായും ലാൻസെറ്റ് കണ്ടെത്തി. നടക്കാനിറങ്ങുന്നവരും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള തൊഴിലുകളില്‍ ഏര്‍പ്പെടുന്നുവരെയുമാണ് ഉഷ്‌ണതരംഗം ബാധിക്കുന്നതെന്നും ലോകാരോഗ്യ സംഘടനയും (WHO), ലോക കാലാവസ്ഥാ സംഘടനയും (WMO) ഉൾപ്പെടെ ആഗോളതലത്തിൽ 57 അക്കാദമിക് സ്ഥാപനങ്ങളിൽ നിന്നും യുഎൻ ഏജൻസികളിൽ നിന്നുമുള്ള 122 വിദഗ്‌ധര്‍ തയ്യാറാക്കിയ ലാൻസെറ്റിന്‍റെ എട്ടാം വാർഷിക റിപ്പോർട്ടില്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
29-ാമത് യുഎൻ കോൺഫറൻസ് അഥവാ 'COP29' ന് മുന്നോടിയായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഉഷ്‌ണതംരഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍. കാലാവസ്ഥാ വ്യതിയാനം ജനങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചുള്ള ഓരോ രാജ്യത്തിന്‍റെയും വിവരങ്ങള്‍ കൂടി മനസിലാക്കാനാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
താപനിലയിലുള്ള വര്‍ധനവിന്‍റെ സാമ്പത്തിക ആഘാതങ്ങൾ കണക്കാക്കുമ്പോൾ 2023-ൽ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനനഷ്‌ടം ബാധിച്ചത് കാർഷിക മേഖലയിലാണെന്നും റിപ്പോർട്ടില്‍ കണ്ടെത്തി. 71.9 ബില്യൺ ഡോളറിലധികം നഷ്‌ടമുണ്ടായെന്നാണ് കണക്കുകൂട്ടല്‍. ഇത് 1990-1999 കാലഘട്ടത്തിനേക്കാള്‍ 50 ശതമാനം കൂടുതലാണ്.
വര്‍ഷംതോറും ജനങ്ങളുടെ ആരോഗ്യം അപകടത്തില്‍
ഓരാ വര്‍ഷം കഴിയുംതോറും കാലാവസ്ഥാ വ്യതിയാനം ജനങ്ങളുടെ ആരോഗ്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്നുവെന്നും സാരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുവെന്നും വിദഗ്‌ധര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പോലെ തന്നെ വലിയ ഭീഷണി ഉയര്‍ത്തുന്നവയാണ് ഫോസില്‍ ഇന്ധനങ്ങളെന്നും ലാൻസെറ്റ് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടി.