പശ്ചിമ ബംഗാൾ:ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയില്‍ നിന്നും സ്വർണ ബിസ്‌ക്കറ്റുകൾ പിടികൂടി. വ്യാഴാഴ്‌ച (25/01/2024) അതിർത്തി പ്രദേശങ്ങളിലെ മൂന്നിടങ്ങളിലായി ഡയറക്‌ടർ ഓഫ് റവന്യൂ ഇൻ്റലിജൻസിന്‍റെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡുകളിലാണ് 72 സ്വർണ ബിസ്‌ക്കറ്റുകൾ പിടികൂടിയത് (DRI has seized 72 gold biscuits in three separate raids from the Indo-Bangladesh border).
5 കോടി രൂപ വിലമതിക്കുന്ന 11.952 കിലോഗ്രാം ഭാരമുള്ള സ്വർണ ബിസ്‌ക്കറ്റുകളാണ് സംഘം പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കൂച്ച് ബിഹാർ, അലിപുർദുവാർ എന്നിവിടങ്ങളിൽ നിന്നായി അഞ്ച് പേരെ അറസ്റ്റ് ചെയ്‌തു. സഞ്ജു പ്രമാണിക്, മിസാനൂർ പ്രമാണിക്, റഫീഖുൽ ഇസ്‌ലാം, ഇസ്‌മായിൽ ഹഖ്, മതിയുർ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ എല്ലാവരും കൂച്ച് ബിഹാറിലെ താമസക്കാരാണ്.
രഹസ്യ വിവരത്തെത്തുടർന്ന് ഡിആർഐ ഉദ്യോഗസ്ഥർ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. കൂച്ച് ബിഹാറിൽ നിന്ന് കൊൽക്കത്തയിലേക്ക് സ്വർണം കടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. രണ്ട് ഗ്രൂപ്പുകളായി വ്യത്യസ്‌ത റൂട്ടുകളിലൂടെ ചരക്ക് കടത്തി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഡിആർഐ ഉദ്യോഗസ്ഥർ അറിയിച്ചു.