ന്യൂഡൽഹി :തട്ടിയെടുത്ത കപ്പലുമായി കൊള്ള നടത്താനെത്തിയ സോമാലിയൻ കടൽക്കൊള്ളക്കാരെ തടഞ്ഞ് ഇന്ത്യൻ നാവിക സേന. 2023 ഡിസംബർ 14 ന് സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ MV Ruen എന്ന കപ്പലാണ് അവർ കടൽകൊള്ളയ്ക്കായി ഉപയോഗിച്ചിരുന്നത്. ആ കപ്പലാണ് ഇന്നലെ (മാർച്ച് 15) ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പൽ തടഞ്ഞത്.
(Indian Navy Thwarts Designs Of Somali Pirates) കപ്പല്‍ തടഞ്ഞതിനെ തുടർന്ന് കടൽക്കൊള്ളക്കാർ ഇന്ത്യൻ യുദ്ധക്കപ്പലിന് നേരെ വെടിയുതിർത്തു. എന്നാല്‍ ഇന്ത്യൻ നാവിക സേന ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചു. തട്ടിയെടുത്ത കപ്പൽ ഉയർത്തുന്ന ഭീഷണി നിർവീര്യമാക്കാൻ അന്താരാഷ്‌ട്ര നിയമങ്ങൾക്കനുസൃതമായ നടപടികൾ കൈക്കൊള്ളുകയാണെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു.
കപ്പലുകൾക്കും നാവികർക്കും നേരെയുള്ള കടൽക്കൊള്ളക്കാരുടെ ഭീഷണി നിർവീര്യമാക്കേണ്ടത് ആവശ്യമാണ് എന്ന് നാവികസേന എക്‌സിൽ കുറിച്ചു. MV Ruen എന്ന കപ്പല്‍ ഉപയോഗിച്ച് മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ഹൈജാക്ക് ചെയ്യാനുള്ള സോമാലിയൻ കടൽക്കൊള്ളക്കാരുടെ ശ്രമം പരാജയപ്പെടുത്തിയതായും ഇന്ത്യൻ നാവിക സേന അറിയിച്ചു. കപ്പലിലുള്ള കടൽക്കൊള്ളക്കാരോട് കീഴടങ്ങുവാനും കപ്പൽ വിട്ടയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല അവർ തടങ്കലില്‍ വച്ചിരിക്കുന്ന സിവിലിയന്മാരെ വിട്ടയക്കണമെന്ന് പറഞ്ഞതായും നാവികസേന മേധാവി പറഞ്ഞു.
കടൽ സുരക്ഷ നിലനിർത്തുന്നതിനും കടലിലൂടെ സഞ്ചരിക്കുന്ന നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ഇന്ത്യൻ നാവികസേന ആവർത്തിക്കുമെന്നും നാവിക സേന മേധാവി അറിയിച്ചു.