കേരളം

kerala

ETV Bharat / bharat

കടല്‍കൊള്ളക്കാര്‍ റാഞ്ചിയ ഇറാനിയൻ കപ്പല്‍ മോചിപ്പിച്ചു; 23 പാക് പൗരന്മാര്‍ക്ക് രക്ഷകരായി ഇന്ത്യൻ നാവിക സേന - Indian Navy Rescues Pak Nationals

23 പാകിസ്ഥാന്‍ പൗരന്മാരെ കടല്‍ക്കൊള്ളക്കാരില്‍ നിന്നും മോചിപ്പിച്ച് ഇന്ത്യന്‍ നാവിക സേന. മോചനം സാധ്യമായത് 12 മണിക്കൂറോളം നീണ്ടുനിന്ന ഓപ്പറേഷന് പിന്നാലെ. അറബിക്കടലിലെ 90 എന്‍എം തെക്ക്-പടിഞ്ഞാറായിരുന്നു എഫ്‌വി അല്‍ കമ്പാര്‍ സംഘം കണ്ടെത്തിയത്.

PIRATES OPERATION OF INDIAN NAVY  ARABIAN SEA PIRATES OPERATION  INS SUMEDHA PIRATES OPERATION  FV AL KAMBAR SHIP IRAN
Indian Navy Rescues 23 Pakistanis From Somali Pirates In Arabian Sea Operation

By ETV Bharat Kerala Team

Published : Mar 30, 2024, 8:27 AM IST

ന്യൂഡല്‍ഹി: സൊമാലിയന്‍ കടല്‍ കൊള്ളക്കാരില്‍ നിന്നും 23 പാകിസ്ഥാന്‍ പൗരന്മാരെ രക്ഷിച്ച് ഇന്ത്യന്‍ നാവിക സേന. യുദ്ധക്കപ്പലായ ഐഎൻഎസ് സുമേധ നടത്തിയ 12 മണിക്കൂര്‍ നീണ്ട പൈറേറ്റ്‌സ് ഓപ്പറേഷനിലൂടെയാണ് സംഘത്തെ രക്ഷപ്പെടുത്തിയത്. മാര്‍ച്ച് 29ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചത്.

ഇറാനിയന്‍ മത്സ്യബന്ധന കപ്പലായ എഫ്‌വി അൽ-കമ്പാർ എന്ന കപ്പലാണ് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. കപ്പലില്‍ നുഴഞ്ഞ് കയറിയ സംഘം അതിലെ ജീവനക്കാരെ ബന്ദികളാക്കുകയായിരുന്നു. ഒൻപത് പേരടങ്ങുന്ന സംഘമാണ് മത്സ്യബന്ധന കപ്പല്‍ ഹൈജാക്ക് ചെയ്‌തത്.

വിവരം അറിഞ്ഞ ഇന്ത്യന്‍ നാവിക സേന എഫ്‌വി അൽ-കമ്പാറ് തടയുകയും സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ സംഘത്തെ മോചിപ്പിക്കുകയുമായിരുന്നു. ചര്‍ച്ച വിജയകരമായത് കൊണ്ട് രക്ത ചൊരിച്ചിലില്ലാതെ പാകിസ്ഥാന്‍ പൗരന്മാരെ രക്ഷപ്പെടുത്താന്‍ ഇന്ത്യൻ നാവിക സേനയ്‌ക്ക് സാധിച്ചു.

കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ പോരാടുന്നതിലും മേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിലും ഇന്ത്യന്‍ നാവിക സേനയുടെ നിര്‍ണായക വിജയം കൂടിയാണിത്. തടവിലാക്കപ്പെട്ടവരെ പുറത്തെത്തിച്ചതിന് പിന്നാലെ എഫ്‌വി അല്‍ കമ്പാറ് അണുവിമുക്തമാക്കുകയും പാകിസ്ഥാന്‍ പൗരന്മാരെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്‌തു. അണുവിമുക്തമാക്കിയതിന് ശേഷം സംഘം കപ്പലിന്‍റെ സുരക്ഷയും ഉറപ്പാക്കി. കപ്പല്‍ സുരക്ഷിത മേഖലയില്‍ എത്തിച്ചതിന് ശേഷം തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം തുടരാമെന്നും നാവിക സേന അറിയിച്ചു.

ഇന്ത്യന്‍ നാവിക സേന പറയുന്നതിങ്ങനെ: ഇറാനിയന്‍ മത്സ്യബന്ധന കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചതോടെ ഇന്നലെ (മാര്‍ച്ച് 29) രാവിലെ തന്നെ തങ്ങള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെന്ന് ഇന്ത്യന്‍ നാവിക സേന പ്രസ്‌താവനയില്‍ പറഞ്ഞു. അല്‍ കമ്പാര്‍ കണ്ടെത്തുന്നതിനായി മറ്റ് രണ്ട് കപ്പലുകള്‍ തങ്ങള്‍ വഴിതിരിച്ച് വിട്ടിരുന്നു. സൊകോത്രയിൽ നിന്ന് ഏകദേശം 90 എന്‍എം തെക്ക്-പടിഞ്ഞാറായിരുന്നു കമ്പാര്‍ ഉണ്ടായിരുന്നത്.

അതില്‍ ഒൻപത് സൊമാലിയന്‍ കൊള്ളക്കാര്‍ ഉണ്ടെന്ന് സംഘം നേരത്തെ തന്നെ തിരിച്ചറിഞ്ഞു. ഈ മേഖലയിലെല്ലാം സമുദ്ര സുരക്ഷയും നാവികരുടെ സുരക്ഷയും ഉറപ്പാക്കാന്‍ ഇന്ത്യന്‍ നാവികസേന പ്രതിജ്ഞാബദ്ധമാണെന്നും സംഘം പ്രസ്‌താവനയില്‍ വ്യക്തമാക്കി. അടുത്തിടെയായി ഇന്ത്യന്‍ സേന നിരവധി തവണ കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ ഓപ്പറേഷനുകള്‍ നടത്തിയിട്ടുണ്ട്. ഈ മാസം ആദ്യവും ഇത്തരത്തിലൊരു ഓപ്പറേഷനിലൂടെ ബന്ദികളെ സംഘം മോചിപ്പിച്ചിരുന്നു.

ഇന്ത്യൻ തീരത്ത് നിന്ന് ഏകദേശം 2600 കിലോമീറ്റർ സഞ്ചരിച്ചാണ് ഓപ്പറേഷനിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. തങ്ങളുടെ ഇത്തരം നടപടികളെല്ലാം കടല്‍ക്കൊള്ളയെ ചെറുക്കാനും അന്താരാഷ്‌ട്ര നാവിക നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുമുള്ള ഇന്ത്യന്‍ ദൃഢ നിശ്ചയത്തിന്‍റെ തെളിവാണെന്നും നാവിക സേന പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details