പനാജി: ഗോവയില്‍ നിന്നും ആഗോള കപ്പല്‍ യാത്രക്ക് തുടക്കം കുറിച്ച് ഇന്ത്യൻ നാവിക സേനയിലെ രണ്ട് വനിത ഉദ്യോഗസ്ഥര്‍. കപ്പലിലൂടെ എട്ട് മാസത്തിനുള്ളില്‍ 21,600 നോട്ടിക്കൽ മൈൽ ലോകം ചുറ്റുകയെന്ന ലക്ഷ്യത്തോടെ ഏറെ വെല്ലുവിളി നിറഞ്ഞയാത്രയ്‌ക്കാണ് ലെഫ്റ്റന്‍റ് കമാൻഡറും കോഴിക്കോട് സ്വദേശിനിയുമായ ദിൽന കെ, ലെഫ്റ്റന്‍റ് കമാൻഡർ രൂപ എ എന്നിവര്‍ പുറപ്പെട്ടത്.
ഇന്ത്യൻ നേവൽ സെയിലിങ് വെസലായ (ഐഎൻഎസ്‌വി) തരിണിയിലാണ് ഇരുവരുടേയും യാത്ര. 2025 മെയ് മാസത്തിൽ രണ്ട് വനിത നേവി ഉദ്യോഗസ്ഥരും ഗോവയിലേക്ക് തന്നെ തിരിച്ചെത്തും. ദക്ഷിണ നേവൽ കമാൻഡ് ചീഫ് വൈസ് അഡ്‌മിറൽ വി ശ്രീനിവാസ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ നാവികസേന മേധാവി അഡ്‌മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ് ആഗോള കപ്പല്‍ യാത്രയുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്.
അഭിമാനനിമിഷം:"ഇന്ത്യൻ നാവികസേനയിലെ നമുക്കെല്ലാവർക്കും അഭിമാനകരമായ നിമിഷമാണിത്. രണ്ട് നാവികർ വൈദഗ്ധ്യവും സാഹസികതയും കൊണ്ട് നിര്‍ഭയം കഠിനമായ സാഹചര്യങ്ങളെ നേരിടാനുള്ള ഒരുക്കത്തിലാണ്" ആഗോള കപ്പല്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അഡ്‌മിറൽ ത്രിപാഠി പറഞ്ഞു.
കപ്പല്‍ യാത്രയുടെ എല്ലാ തലങ്ങളും നാവികസേന പൂര്‍ണായും നിരീക്ഷിച്ചുകൊണ്ടിരിക്കും. നാവികസേനയിലെ വനിതാ ഉദ്യോഗസ്ഥരുടെ പുതിയ പര്യവേക്ഷണത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ത്രിപാഠി പറഞ്ഞു. കടലിലെ കേപ് ല്യൂവിൻ, കേപ് ഹോൺ, കേപ് ഓഫ് ഗുഡ് ഹോപ്പ് തുടങ്ങി മൂന്ന് വലിയ മുനമ്പുകൾ ഉള്‍പ്പെടുന്ന അപകടകരമായ പാതയിലൂടെയാണ് യാത്ര കടന്നുപോകുന്നത്. രണ്ട് വനിത ഉദ്യോഗസ്ഥര്‍ മാത്രമാണ് ദൗത്യത്തില്‍ ഉള്ളതെങ്കിലും, ലോകത്തിന് മുന്നില്‍ ത്രിവര്‍ണ പതാക ഉയരെ പറത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ത്രിപാഠി വ്യക്തമാക്കി.
മൂന്ന് വര്‍ഷം പരിശീലനം:38,000 നോട്ടിക്കൽ മൈൽ യാത്ര ചെയ്‌ത ഇവർ മൂന്ന് വർഷത്തോളം ഈ പര്യവേക്ഷണവുമായി ബന്ധപ്പെട്ട പരിശീലനത്തിന് വിധേയരായിട്ടുണ്ട്. യാതൊരു വിധത്തിലുമുള്ള ബാഹ്യസഹായമില്ലാതെ കാറ്റിന്‍റെ ഗതിയെ മാത്രം ആശ്രയിച്ചാകും രണ്ട് വനിത നേവി ഉദ്യോഗസ്ഥരും 21,600 നോട്ടിക്കൽ മൈലുകൾ പര്യവേക്ഷണം നടത്തുകയെന്നും നാവിക വക്താവ് പറഞ്ഞു. കഴിഞ്ഞ വർഷം ഗോവയിൽ നിന്ന് കേപ്ടൗൺ വഴിയും തിരിച്ചും റിയോ ഡി ജനീറോയിലേക്കുള്ള ട്രാൻസ് ഓഷ്യാനിക് പര്യവേഷണത്തിൽ ആറ് അംഗ സംഘത്തിന്‍റെ ഭാഗമായി ഈ രണ്ട് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.