ന്യൂഡല്‍ഹി:കര്‍ത്തവ്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്‌ടമായ അഗ്നിവീര്‍ അജയകുമാറിന്‍റെ കുടുംബത്തിന് നഷ്‌ട പരിഹാരം നല്‍കിയില്ലെന്ന സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ തള്ളി ഇന്ത്യന്‍ സൈന്യം. ഇതുവരെ 98.39 ലക്ഷം രൂപ അദ്ദേഹത്തിന്‍റെ കുടുംബത്തിന് നല്‍കിയെന്നും സൈന്യം വ്യക്തമാക്കി. മൊത്തം 1.65 കോടിയാണ് അജയകുമാറിന്‍റെ കുടുംബത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്.
തന്‍റെ കുടുംബത്തിന് ഒരു രൂപ പോലും കിട്ടിയില്ലെന്ന അജയകുമാറിന്‍റെ പിതാവിന്‍റെ വീഡിയോ എക്‌സില്‍ പങ്കുവച്ച് കൊണ്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളോടാണ് സൈന്യത്തിന്‍റെ പ്രതികരണം. രക്തസാക്ഷികളായ അഗ്നിവീറുകളോടും അവരുടെ കുടുംബത്തോടും നഷ്‌ടപരിഹാരത്തിന്‍റെ കാര്യത്തില്‍ പാര്‍ലമെന്‍റില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കള്ളം പറഞ്ഞെന്നും ഇതില്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു രാഹുലിന്‍റെ പോസ്റ്റ്.
രാഹുല്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ ഇടപെട്ട് കൊണ്ട് ഒരു കോടി രൂപ രക്തസാക്ഷികളായ അഗ്നിവീറുകളുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കിയെന്ന് രാജ്‌നാഥ് സിങ് പാര്‍ലമന്‍റിനെ അറിയിക്കുകയായിരുന്നു. അഗ്നിവീറുകള്‍ക്ക് രക്തസാക്ഷിപദവി പോലും കിട്ടുന്നില്ലെന്ന രാഹുലിന്‍റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
അഗ്നിവീര്‍ അജയകുമാറിന്‍റെ രക്തസാക്ഷിത്വത്തെ പ്രണമിക്കുന്നുവെന്നും സൈനിക അഡീഷണല്‍ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ എക്‌സിലൂടെ തന്നെ വ്യക്തമാക്കി. പൂര്‍ണ സൈനിക ബഹുമതികളോടെ തന്നെ ആയിരുന്നു അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകളെന്നും സൈന്യം വ്യക്തമാക്കി. ഇനി നല്‍കാനുള്ള ബാക്കി തുക ഉടന്‍ കൊടുത്ത് തീര്‍ക്കുമെന്നും സൈന്യം വ്യക്തമാക്കി.
സര്‍ക്കാരില്‍ നിന്നുള്ള ഇന്‍ഷ്വറന്‍സ് തുകയായ 48 ലക്ഷം രൂപയും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ഇന്‍ഷ്വറന്‍സ് തുക 50 ലക്ഷവും ധാരണാപത്രം അനുസരിച്ചുള്ള 39,000 രൂപയും അജയ്‌കുമാറിന്‍റെ കുടുംബത്തിന് കൈമാറിക്കഴിഞ്ഞു. എക്‌സ്ഗ്രേഷ്യ തുകയായ 44 ലക്ഷം രൂപയും ക്ഷേമനിധിത്തുക എട്ട് ലക്ഷവും സേവന കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് നല്‍കാനുള്ള 13 ലക്ഷവും സേവനിധിയില്‍ നിന്നുള്ള 2.3 ലക്ഷം രൂപയും അടക്കമുള്ള 67.3 ലക്ഷം രൂപ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായലുടന്‍ കൈമാറും.
അഗ്നിവീര്‍ വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയും ബിജെപിക്കെതിരെ ആഞ്ഞടിച്ചിരുന്നു. സ്വന്തം മക്കളെ രാജ്യത്തിന് വേണ്ടി ത്യജിച്ച കുടുംബങ്ങളെ അപമാനിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു. ഇതാണോ ബിജെപിയുടെ ദേശീയത എന്നും അവര്‍ ആരാഞ്ഞു. രക്തസാക്ഷികളെ അപമാനിച്ചതിന് പ്രധാനമന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന ആവശ്യവും പ്രിയങ്ക ഉന്നയിച്ചു.
Also read:അഗ്നിവീര്‍ പദ്ധതിയില്‍ സഭയില്‍ തര്‍ക്കം; രാഹുല്‍ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് രാജ്‌നാഥ് സിങ്