കേരളം

kerala

ETV Bharat / bharat

ആണവ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ; ദൂരപരിധി 3,500 കിലോമീറ്റര്‍ - BALLISTIC MISSILE FROM SUBMARINE

പരീക്ഷണ ഫലങ്ങള്‍ പരിശോധിച്ചതിന് ശേഷം ഉന്നത ഉദ്യോഗസ്ഥരും രാഷ്‌ട്രീയ നേതൃത്വവും ഇതേക്കുറിച്ച് വിശദമാക്കും.

INS ARIGHAAT MISSILE EXPERIMENT  BALLISTIC MISSILE LAUNCH INDIA  NUCLEAR EXPERIMENTS INDIA  RECENT MISSILE EXPERIMENTS INDIA
INS Arighat (ETV Bharat)

By ETV Bharat Kerala Team

Published : Nov 28, 2024, 6:02 PM IST

ന്യൂഡല്‍ഹി: ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി വിക്ഷേപിച്ച് ഇന്ത്യന്‍ നാവികസേന. അടുത്തിടെ സേനയില്‍ ഉള്‍പ്പെടുത്തിയ ആണവ മുങ്ങിക്കപ്പലായ ഐഎന്‍എസ് അരിഘാതില്‍ നിന്നായിരുന്നു വിക്ഷേപണം. 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലാണിത്.

പരീക്ഷണ ഫലങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. അതിന് ശേഷം വിശദാംശങ്ങള്‍ ഉന്നത സൈനിക-രാഷ്‌ട്രീയ നേതൃത്വം വിശദീകരിക്കും. ഇന്ത്യയുടെ പോരാട്ട ശേഷിയില്‍ ഏറെ നിര്‍ണായകമാണ് ഈ പരീക്ഷണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഓഗസ്റ്റിലാണ് ഐഎന്‍എസ് അരിഘാത് സേനയുടെ ഭാഗമായത്. വിശാഖപട്ടണത്തെ കപ്പല്‍ നിര്‍മാണ കേന്ദ്രത്തിലാണ് ഇത് നിര്‍മിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അന്തര്‍വാഹിനി സാങ്കേതികതയില്‍ മുൻഗാമിയായ ഐഎൻഎസ് അരിഹന്തിനെ കവച്ചുവയ്‌ക്കുന്നതാണ്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിഹന്ത് 2016-ൽ ആണ് കമ്മിഷൻ ചെയ്‌തത്.

6,000 ടൺ ഭാരമുള്ള ഐഎൻഎസ് അരിഘാത്, മാസങ്ങളോളം വെള്ളത്തിനടിയിൽ തുടരാൻ കഴിയുന്ന രീതിയിലാണ് രൂപകല്‍പന ചെയ്‌തിരിക്കുന്നത്. 112 മീറ്ററോളം നീളമാണ് അന്തർവാഹിനിക്കുള്ളത്. വിശാഖപട്ടണത്തെ കപ്പൽ നിർമാണ കേന്ദ്രത്തിൽ അതീവ രഹസ്യമായാണ് അരിഘാതിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഐഎന്‍എസ് അരിഘാതിന് നാല് വിക്ഷേപണ ട്യൂബുകളാണുള്ളത്. 12 കെ-15 സാഗരിക അന്തർവാഹിനി ബാലിസ്റ്റിക് മിസൈലുകൾ ​​വരെ വഹിക്കാൻ അരിഘാതിന് കഴിയും. ഇതിന് 750 കിലോമീറ്റർ ദൂരപരിധി ഉണ്ട്. 3,500 കിലോമീറ്റർ ദൂരപരിധിയുള്ള നാല് കെ-4 എസ്എല്‍ബിഎമ്മുകളും അരിഘാതിലുണ്ട്.

നൂതന സാങ്കേതിക വിദ്യയും എന്‍ജിനിയറിങ് രീതികളും ഉപയോഗിച്ചാണ് അരിഘാത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഉപരിതലത്തിൽ പരമാവധി 12-15 നോട്ട് (മണിക്കൂറില്‍ 22-28 കിലോമീറ്റര്‍) വേഗത കൈവരിക്കാനും വെള്ളത്തിനടിയിൽ 24 നോട്ട് (മണിക്കൂറില്‍ 44 കിലോമീറ്റര്‍) വരെയും കൈവരിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.

'ശത്രുക്കളെ സംഹരിക്കുന്നവൻ' എന്നർഥമുള്ള സംസ്‌കൃത പദത്തിൽ നിന്നാണ് അരിഘാത് എന്ന് അന്തര്‍ വാഹിനിക്ക് പേര് നല്‍കിയിരിക്കുന്നത്. പൂര്‍ണതോതില്‍ പരീക്ഷണം നടത്തും മുമ്പ് ഡിആര്‍ഡിഒ നിരവധി പരീക്ഷണ വിക്ഷേപണങ്ങള്‍ കടലിനടിയില്‍ വച്ച് നടത്തിയിരുന്നുവെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു. മിസൈല്‍ സംവിധാനങ്ങളുടെ കൂടുതല്‍ പരീക്ഷണങ്ങള്‍ നാവികസേന ആലോചിക്കുന്നുണ്ട്.

ഇന്ത്യന്‍ നാവികസേനയുടെ രണ്ട് മുങ്ങിക്കപ്പലുകള്‍ക്ക് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുണ്ട്. ഐഎന്‍എസ് അരിഹന്തിനും അരിഘാതിനുമാണ് മിസൈല്‍ വിക്ഷേപണ ശേഷിയുള്ളത്. അടുത്ത വര്‍ഷത്തോടെ ഇത്തരം ശേഷിയുള്ള ഒരു മുങ്ങിക്കപ്പല്‍ കൂടി സേനയില്‍ ഉള്‍പ്പെടുത്താനും നീക്കം നടന്ന് വരികയാണ്.

Also Read:'ശത്രു സംഹാരകന്‍' ഐഎന്‍എസ് അരിഘാത്; നാവിക സേനയുടെ ഭാഗമായ ആണവോർജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയെ കുറിച്ചറിയാം

ABOUT THE AUTHOR

...view details