ന്യൂഡൽഹി:തദ്ദേശീയ ബാലിസ്‌റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിന്‍റെ രണ്ടാം ഘട്ടം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 5000 കിലോമീറ്റർ ക്ലാസിലെ ബാലിസ്‌റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെ (ഡിആര്‍ഡിഒ) നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
ദീർഘദൂര സെൻസറുകൾ, ലോ-ലേറ്റൻസി കമ്മ്യൂണിക്കേഷൻ സിസ്‌റ്റം, എംസിസി, നൂതന ഇന്‍റർസെപ്റ്റർ മിസൈലുകൾ എന്നിവ അടങ്ങുന്ന സമ്പൂർണ്ണ നെറ്റ്‌വർക്ക് കേന്ദ്രീകൃത യുദ്ധ സംവിധാനത്തില്‍ ഫ്ലൈറ്റ് ടെസ്‌റ്റ് പൂർണ്ണമായും വിജയിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു.
പല തരത്തിലുള്ള ബാലിസ്‌റ്റിക് മിസൈൽ ഭീഷണികളെ നിർവീര്യമാക്കുന്ന സോളിഡ് പ്രൊപ്പൽഡ് ഗ്രൗണ്ട്-ലോഞ്ച്ഡ് മിസൈൽ സംവിധാനമാണ് രണ്ടാം ഘട്ടത്തില്‍ വികസിപ്പിച്ചെടുത്തത്. വിവിധ ഡിആർഡിഒ ലബോറട്ടറികളിലായി വികസിപ്പിച്ചെടുത്ത നിരവധി അത്യാധുനിക തദ്ദേശീയ സാങ്കേതിക വിദ്യകൾ മിസൈൽ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാലിസ്‌റ്റിക് മിസൈൽ ഡിഫൻസ് സിസ്‌റ്റത്തിന്‍റെ രണ്ടാം ഘട്ട പൂര്‍ത്തീകരണത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഡിആർഡിഒയെ അഭിനന്ദനം അറിയിച്ചു. ഈ പരീക്ഷണം നമ്മുടെ ബാലിസ്‌റ്റിക് മിസൈൽ പ്രതിരോധ ശേഷി ഉയര്‍ത്തിയെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
Also Read :പ്രതിരോധ ഉത്പാദനം; ഇന്ത്യയ്‌ക്ക് മുൻനിര രാജ്യങ്ങളുടെ ഒപ്പമെത്താനാകുമോ?