ന്യൂഡൽഹി: 6.6 ശതമാനം വാർഷിക വളർച്ചാ നിരക്കോടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ എന്ന പദവി നിലനിർത്തി രാജ്യം. ഐക്യരാഷ്‌ട്രസഭയുടെ ഗ്ലോബൽ ഇക്കണോമിക് മോണിറ്ററിങ് മേധാവി ഹമീദ് റാഷിദ് ആണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വർഷം ഇന്ത്യയുടെ ജിഡിപി 6.8 ശതമാനമായി വളരുമെന്നും ഹമീദ് റാഷിദ് വ്യക്തമാക്കി.
ഐക്യരാഷ്‌ട്രസഭയുടെ പ്രധാന റിപ്പോർട്ടായ വേൾഡ് ഇക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രോസ്പെക്റ്റ്സ് 2025 (WESP) പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവനങ്ങളിലും ചില ഉത്‌പന്ന വിഭാഗങ്ങളിലും, പ്രത്യേകിച്ച് ഫാർമസ്യൂട്ടിക്കൽസിലും ഇലക്‌ട്രോണിക്‌സിലുമുള്ള കയറ്റുമതി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ഡബ്യുഇഎസ്‌പി റിപ്പോർട്ട്.
ശക്തമായ സ്വകാര്യ നിക്ഷേപം രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന ചെലവ് വരും വർഷത്തിൽ രാജ്യത്തിന്‍റെ വളർച്ചയെ അനുകൂലമായി ബാധിക്കുമെന്നുമാണ് വിലയിരുത്തൽ. നിർമാണ, സേവന മേഖലകളിലെ വികാസം സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നത് തുടരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കാർഷിക ഉത്‌പാദനത്തിലും ഗണ്യമായ വളർച്ചയുണ്ടായിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആഗോളതലത്തിൽ മൊത്തത്തിലുള്ള വളർച്ചാ നിരക്ക് 2.8 ശതമാനത്തിൽ തന്നെ തുടരുകയാണ്. അതേസമയം വികസിത സമ്പദ്‌വ്യവസ്ഥകളുടെ വളർച്ച കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.1 ശതമാനം ഇടിഞ്ഞ് 1.6 ശതമാനമായി. ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയായ ചൈനയുടെ ഈ വർഷത്തെ പ്രവചനം 0.1 ശതമാനം ഇടിഞ്ഞ് 4.8 ശതമാനത്തിലെത്തി, അടുത്ത വർഷം ഇത് 0.3 ശതമാനം ഇടിഞ്ഞ് 4.5 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ് സമ്പദ്‌വ്യവസ്ഥ കൂടുതൽ ഇടിഞ്ഞ് ഈ വർഷം 1.9 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു, കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 2.8 ശതമാനത്തിൽ നിന്ന് 0.9 ശതമാനം ഇടിവ്.