കൊൽക്കത്ത:മുഴുവൻസ്‌പീഷീസുകളും ഉൾക്കൊള്ളുന്ന ജന്തുജാലങ്ങളെ പട്ടികപ്പെടുത്തിയ ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ. രാജ്യത്തെ 1,04,561 സ്‌പീഷീസുകൾ ഉൾക്കൊള്ളുന്ന മുഴുവൻ ജന്തുജാലങ്ങളെയും പട്ടികപ്പെടുത്തിയതായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് അറിയിച്ചു. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ZSI) 109-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊൽക്കത്തയിൽ നടത്തിയ അനിമൽ ടാക്‌സോണമി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോണ ഓഫ് ഇന്ത്യ ചെക്ക്‌ലിസ്റ്റ് പോർട്ടൽ പുറത്തിറക്കിയതായും അദ്ദേഹം അറിയിച്ചു.
മുഴുവൻ ജന്തുജാലങ്ങളുടെയും ചെക്ക്‌ലിസ്റ്റ് തയ്യാറാക്കിയ ലോകത്തിലെ ആദ്യ രാജ്യമായി ഇതോടെ ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയെ ബഹുമാനിക്കുന്നതും ജൈവവൈവിധ്യ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടാക്സോണമിസ്റ്റുകൾ, ഗവേഷകർ, കൺസർവേഷൻ മാനേജർമാർ, പോളിസി മേക്കർമാർ എന്നിവർക്ക് പ്രയോജനം ചെയ്യുന്ന റഫറൻസായിരിക്കും ജന്തുക്കളുടെ ചെക്ക്‌ലിസ്റ്റ്.