ഇംഫാൽ : മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിങ് സർക്കാർ വിളിച്ച യോഗങ്ങളിൽ പങ്കെടുക്കരുതെന്ന് എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കി എൻപിപി. നാഷണൽ പീപ്പിൾസ് പാർട്ടിയുടെ മണിപ്പൂർ യൂണിറ്റാണ് കര്‍ശന നിര്‍ദേശം നല്‍കിയത്. എല്ലാ എൻപിപി അംഗങ്ങളും ഈ തീരുമാനം പാലിക്കണമെന്ന് എൻപിപി സംസ്ഥാന പ്രസിഡൻ്റ് എൻ കയിസി നിര്‍ദേശം നല്‍കി.
നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക പ്രസ്‌താവനകൾ നടത്തുന്നതിനോ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനോ മുൻകൂട്ടി അനുമതി വാങ്ങണമെന്നും എൻ കയിസി പറഞ്ഞു. നവംബർ 18 ന് മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ വിളിച്ച എൻഡിഎ യോഗത്തിൽ മൂന്ന് എൻപിപി എംഎൽഎമാർ പങ്കെടുത്തതിൻ്റെ പശ്ചാത്തലത്തിലാണ് നിർദേശം.
അതേസമയം മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിങ് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാത്ത എംഎൽഎമാരുടെ പേരുകൾ മുഖ്യമന്ത്രിയുടെ ഓഫിസ് പരസ്യമാക്കിയത് എംഎൽഎമാരെ സമ്മർദത്തിലാക്കിയിട്ടുണ്ട്. ബിരേൻ സിങ് രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടവരുടെയും പിന്തുണ പിൻവലിച്ച സഖ്യകക്ഷിയായ എൻപിപി എംഎൽഎമാരുടെയും പേരുകൾ ഇതിലുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കുക്കികൾക്കെതിരെ മുഖ്യമന്ത്രി ശക്തമായ നടപടികൾക്ക് ഒരുങ്ങുന്ന സാഹചര്യത്തിലാണ് എൻപിപിയുടെ നിര്‍ദേശം. യോഗത്തില്‍ പങ്കെടുക്കാത്ത പല എംഎൽഎമാരും സംസ്ഥാനം വിട്ടിട്ടുണ്ട്. മണിപ്പൂരിൽ തുടരുന്നവർ കേന്ദ്രസേനയുടെ സുരക്ഷ തേടിയിട്ടുമുണ്ട്.
സഖ്യകക്ഷികളിൽ പലരും ഇപ്പോഴും ബിരേൻ്റെ നിയന്ത്രണത്തിലാണ്. സർക്കാരിനുള്ള പിന്തുണ എൻപിപി പിൻവലിച്ചിട്ടും മൂന്ന് എൻപിപി എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തത് ഇതിനു തെളിവാണ്. യോഗത്തിൽ പങ്കെടുക്കാത്തതിന് എൻപിപി എംഎൽഎ ശൈഖ് നൂറുൽ ഹസന് കാരണം കാണിക്കൽ നോട്ടിസ് നൽകാനും മുഖ്യമന്ത്രയുടെ ഓഫിസ് മടിച്ചിട്ടില്ല.
ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ എൻപിപി പിൻവലിച്ചത്. മണിപ്പൂരിൽ വീണ്ടും സംഘർഷം കനത്തതോടെയാണ് എൻപിപിയുടെ തീരുമാനം. ഏഴ് എംഎൽഎമാരാണ് എൻപിപിക്ക് ഉള്ളത്. എന്നാൽ ബിജെപിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷം ഉള്ളതിനാൽ സർക്കാറിന് ഭീഷണിയില്ല.