ന്യൂഡൽഹി : 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ പൂര്‍ണമായും സജ്ജമായി രാജ്യം. ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും.
സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ ഒളിമ്പിക് സംഘവും ചെങ്കോട്ടയിലേക്ക് പുറപ്പെട്ടു. പാരീസ് ഒളിമ്പിക്‌സ് മെഡൽ പട്ടികയിൽ ഇന്ത്യ 71-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പടെ ആറ് മെഡലുകളോടെയായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ മടക്കം.
ദേശ സ്‌നേഹത്തിന്‍റെ പ്രതീകമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തിരുന്നു. ജൂലൈ 28-ന് നടന്ന 112-ാമത് 'മൻ കി ബാത്തിൽ' ആണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനായി എല്ലാ ഇന്ത്യക്കാരോടും 'ഹർ ഘർ തിരംഗ' കാമ്പെയ്‌നിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചത്.
ഓഗസ്‌റ്റ് 14 ന് ഷിംലയിലെ ആർമി ട്രെയിനിങ് കമാൻഡ് (ആർട്രാക്) ആഘോഷങ്ങളുടെ ഭാഗമായി തിരംഗ ബൈക്ക് റാലി ആരംഭിച്ചിരുന്നു. ശ്രീനഗറിലെ ചെനാബ് നദിയിലെ, ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലത്തിൽ 750 മീറ്റർ നീളമുള്ള ത്രിവർണ്ണ പതാക ഉയര്‍ത്തി.
Also Read :'ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പില്‍'; സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു