ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ ഓരോ വോട്ടിന്‍റെയും പ്രാധാന്യം ഉയര്‍ത്തിക്കൊണ്ട് ഇന്ത്യ ഇന്ന് ദേശീയ വോട്ടര്‍ ദിനം ആചരിക്കുന്നു. 1950 ജനുവരി 25 ന് സ്ഥാപിതമായ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് ഈ ദിനം ആചരിക്കുന്നത്. 2011 മുതൽ വർഷം തോറും ജനുവരി 25 ന് ഈ ദിനം ആചരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജാന്ധിപത്യ രാജ്യമായ ഇന്ത്യയിലെ 15ാമത്തെ ദേശീയ വോട്ടര്‍ ദിനമാണ് ഇന്ന്.
വോട്ടർ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തുടനീളം വോട്ടിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ജനാധിപത്യ പ്രക്രിയയിൽ പൗരന്മാരുടെ സജീവ പങ്കാളിത്തം പ്രചോദിപ്പിക്കുന്നതിനുമാണ് ദേശീയ വോട്ടര്‍ ദിനം ആചരിക്കുന്നത്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥാപിതമായിട്ട് ഇന്നേക്ക് 75 വര്‍ഷം തികഞ്ഞു.
2025ലെ ദേശീയ വോട്ടര്‍ ദിനത്തിന്‍റെ തീം
"വോട്ടിന് സമാനമായി ഒന്നുമില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യുന്നു" എന്നതാണ് ഈ പ്രാവശ്യത്തെ തീം. കഴിഞ്ഞ വർഷത്തെ പ്രമേയത്തിന്‍റെ തുടർച്ചയാണിത്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറയുകയും വോട്ടർമാരുടെ അവകാശം വിനിയോഗിക്കുന്നതിൽ അഭിമാനിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രമേയത്തിന്‍റെ അടിസ്ഥാനം.
ദേശീയ വോട്ടര്‍ ദിനത്തിന്‍റെ പ്രാധാന്യം
1950-ലാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) സ്ഥാപിതമായത്. ഈ ദിനത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ട് 2011 മുതൽ ദേശീയ വോട്ടര്‍ ദിനം ആചരിച്ചുവരുന്നു, പൗരന്മാരെ വോട്ടുചെയ്യാൻ പ്രേരിപ്പിക്കാനും, ജനാധിപത്യ പ്രക്രിയയില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.