ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി മാർച്ച് 31 ന് ഡല്‍ഹി രാംലീല മൈതാനിയിൽ പ്രതിഷേധ റാലി നടത്തുന്നു. രാജ്യ താത്പര്യവും ജനാധിപത്യവും സംരക്ഷിക്കാനാണ് മാര്‍ച്ച് നടത്തുന്നതെന്ന് സഖ്യം അറിയിച്ചു. ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളായ ആംആദ്‌മിയും കോൺഗ്രസും ചേര്‍ന്നാണ് പത്രസമ്മേളനത്തിൽ മഹാറാലി പ്രഖ്യാപിച്ചത്. സഖ്യത്തിലെ ഉന്നത നേതാക്കളടക്കം പരിപാടിയിൽ പങ്കെടുക്കുമെന്ന് എഎപി നേതാവ് ഗോപാൽ റായ് പറഞ്ഞു.
'രാജ്യവും രാജ്യത്തെ ജനാധിപത്യവും അപകടത്തിലാണ്. രാജ്യത്തിന്‍റെ താത്പര്യങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി എല്ലാ ഇന്ത്യ മുന്നണി പാർട്ടികളും ചേര്‍ന്ന് മഹാറാലി നടത്തും.'- റായ് പറഞ്ഞു. പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതും കെജ്‌രിവാളിന്‍റെ അറസ്‌റ്റും ചൂണ്ടിക്കാട്ടി, പ്രതിപക്ഷ പാർട്ടികൾക്ക് രാജ്യത്ത് ഇടം നല്‍കുന്നില്ലെന്ന് കോൺഗ്രസ് ഡൽഹി ഘടകം മേധാവി അരവിന്ദർ സിങ് ലൗലി ആരോപിച്ചു. മാർച്ച് 31ലെ മഹാറാലി രാഷ്‌ട്രീയം മാത്രമല്ല, രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനും ബിജെപി നയിക്കുന്ന കേന്ദ്രത്തിനെതിരെ ശബ്‌ദമുയർത്താനുമുള്ള ആഹ്വാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.