ന്യൂഡൽഹി : ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ രാഷ്‌ട്രീയ എതിരാളികള്‍കളെ നേരിടുന്നതിന് അവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയെക്കൂടാതെ നിക്കരാഗ്വ, സൗദി അറേബ്യ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 55 രാജ്യങ്ങളിലെ സർക്കാരുകൾ ഇത്തരത്തില്‍ രാഷ്‌ട്രീയ എതിരാളികളെ നിയന്ത്രിക്കുന്നതിന് സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്നുണ്ടെന്നാണ് യുഎസിലെ ഫ്രീഡം ഹൗസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നത്.
സഞ്ചാരം നിയന്ത്രിക്കുന്നതിനുള്ള നാല് പ്രധാന തന്ത്രങ്ങളായ പൗരത്വം റദ്ദാക്കല്‍, പ്രധാന രേഖകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കല്‍, കോൺസുലാർ സേവനങ്ങൾ നിഷേധിക്കല്‍, യാത്ര നിരോധനം ഏർപ്പെടുത്തല്‍ എന്നിവ അത്തരം 'സ്വേച്ഛാധിപത്യ' സര്‍ക്കാരുകൾ അവലംബിക്കാറുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
1941 ഒക്‌ടോബറിൽ സ്ഥാപിതമായ ഫ്രീഡം ഹൗസ് ജനാധിപത്യം, രാഷ്‌ട്രീയ സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളെ ചുറ്റിപ്പറ്റി ഗവേഷണം നടത്തുന്ന നോണ്‍ പ്രോഫിറ്റബിള്‍ സംഘടനയാണ്. സഞ്ചാര നിയന്ത്രണങ്ങൾ നേരിട്ട് അനുഭവിച്ച, ബെലാറസ്, ഇന്ത്യ, നിക്കരാഗ്വ, റുവാണ്ട, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള 31 വ്യക്തികളുമായി നടത്തിയ അഭിമുഖത്തിന്‍റെ ഭാഗമായാണ് പുതിയ റിപ്പോർട്ട് സംഘടന പുറത്തുവിട്ടത്.
സഞ്ചാര നിയന്ത്രണത്തിന് പുറമേ സ്വേച്ഛാധിപത്യ തന്ത്രങ്ങളായ രാഷ്‌ട്രീയ തടവ്, അന്തർദേശീയ അടിച്ചമർത്തൽ എന്നിവയും രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ടാർഗെറ്റ് ചെയ്‌ത വ്യക്തികളുടെ കുടുംബങ്ങൾക്ക് നേരെ പോലും സ്വേച്ഛാധിപതികള്‍ പ്രതികാര നടപടികള്‍ പ്രയോഗിക്കുന്നു എന്നും റിപ്പോർട്ടിലുണ്ട്. സ്വത്ത് പിടിച്ചെടുക്കൽ, അപകീർത്തികരമായ പ്രചാരണങ്ങൾ, വ്യാജ ക്രിമിനൽ കുറ്റങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അടിച്ചമർത്തലുകള്‍ രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കെതിരെ പ്രയോഗിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.