ന്യൂഡൽഹി:ആദായ നികുതിഇളവിൻ്റെ പ്രയോജനം ലഭിക്കണമെങ്കിൽ വ്യക്‌തിക്ക് ആദ്യം ഒരു വരുമാന സ്രോതസ് ആവശ്യമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പരിഹസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. തൊഴിലില്ലായ്‌മയെക്കുറിച്ച് ധനമന്ത്രി പരാമർശിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"സത്യം പറഞ്ഞാൽ, ബിജെപി ബെഞ്ചുകളിൽ നിന്ന് നിങ്ങൾ കേട്ട കരഘോഷം മധ്യവർഗ നികുതിയിളവിന് വേണ്ടിയായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. നിങ്ങൾക്ക് ശമ്പളമുണ്ടെങ്കിൽ നിങ്ങൾ കുറഞ്ഞ നികുതി നൽകുന്നുണ്ട്. പക്ഷേ, പ്രധാന ചോദ്യമായിട്ടുള്ളത് നമുക്ക് ശമ്പളമില്ലെങ്കിൽ എന്ത് സംഭവിക്കും എന്നതാണ് ?"- തരൂർ ചോദിച്ചു.
"എവിടെ നിന്ന് വരുമാനം വരും?. നിങ്ങൾക്ക് ആദായനികുതി ഇളവിൻ്റെ പ്രയോജനം ലഭിക്കണമെങ്കിൽ യഥാർഥത്തിൽ നിങ്ങൾക്ക് ജോലി ആവശ്യമാണ്. തൊഴിലില്ലായ്‌മയെക്കുറിച്ച് ധനമന്ത്രി പരാമർശിച്ചില്ല. ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന പാർട്ടി ഓരോ വർഷവും ഓരോ സംസ്ഥാനത്തും ഓരോ തെരഞ്ഞെടുപ്പിലും കൂടുതൽ സൗജന്യങ്ങൾ നൽകാൻ ഉപയോഗിക്കുന്നത് വിരോധാഭാസമാണ്. സഖ്യകക്ഷികളിൽ നിന്ന് കൂടുതൽ കൈയ്യടി നേടുന്നതിന് അവർക്ക് ഒന്നിലധികം തെരഞ്ഞെടുപ്പുകളും നടത്താം"- തരൂര്‍ പറഞ്ഞു.
2025ലെ കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി നൽകേണ്ടതില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് എംപി വിമർശനവുമായി രംഗത്തെത്തിയത്. ധനമന്ത്രിയുടെ പ്രഖ്യാപനം നികുതിദായകർക്ക് പ്രത്യേകിച്ച് മധ്യവർഗത്തിന് ഗണ്യമായ ആശ്വാസം നല്‍കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, മൂന്നാം മോദി സര്‍ക്കാറിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന് പിന്നാലെ ഇന്ന് ലോക്‌സഭ പിരിഞ്ഞിരുന്നു. ഫെബ്രുവരി മൂന്നിന് രാവിലെ 11 മണിക്കാണ് സഭ വീണ്ടും ചേരുക.
Also Read:കേന്ദ്ര ബജറ്റ് 2025: ആരോഗ്യ മേഖലയ്‌ക്ക് 99,858.56 കോടി രൂപ, എല്ലാ ജില്ലാ ആശുപത്രികളിലും ഡേകെയർ കാൻസർ സെൻ്ററുകൾ