ഹൈദരാബാദ്:വ്യാജ ഓട്ടിസം തെറാപ്പി കേന്ദ്രങ്ങൾ ഹൈദരാബാദിൽ കൂടി വരുന്നതായി പരാതി. ലൈസൻസില്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ സെൻ്ററുകളാണ് കൂടി വരുന്നത്. അനധികൃതമായി പ്രവർത്തിക്കുന്ന ഈ ക്ലിനിക്കുകൾ ഓരോ സെഷനിലും രക്ഷിതാക്കളിൽ നിന്ന് ₹1,500 രൂപ വരെ ഈടാക്കുന്നുണ്ട്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റോ വിദഗ്‌ധ മേൽനോട്ടമോ ഇല്ലാതെ തെറാപ്പി ചികിത്സകൾ നൽകുന്നുവെന്ന് ആരോപിക്കപ്പെടുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സാമൂഹിക ഇടപെടൽ, ആശയവിനിമയം, പെരുമാറ്റം എന്നിവയെ ബാധിക്കുന്ന ഒരു ന്യൂറോ ഡെവലപ്‌മെൻ്റൽ ഡിസോർഡറായ ഓട്ടിസം പലപ്പോഴും കുട്ടികളിൽ മൂന്ന് വയസ് മുതലാണ് പ്രകടമാകുന്നത്. നേരത്തെയുള്ള രോഗനിർണയം മൂലം ഓട്ടിസം ലക്ഷണങ്ങളെ 80% വരെ ലഘൂകരിക്കാൻ കഴിയും. കുക്കട്ട്പള്ളി, സുചിത്ര, ബീഗംപേട്ട്, ദിൽഷുഖ് നഗർ, ഉപ്പൽ, സെക്കന്തരാബാദ്, അമീർപേട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരം വ്യാജ കേന്ദ്രങ്ങളെക്കുറിച്ച് പരാതി ഉയർന്നിരിക്കുന്നത്.
വിദഗ്‌ധ മേൽനോട്ടത്തിൻ്റെയും നിയന്ത്രണത്തിൻ്റെയും അഭാവം
റൈറ്റ്സ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസബിലിറ്റിസ് (RPWD) നിയമപ്രകാരം ഓട്ടിസം തെറാപ്പി സെൻ്ററുകൾ രജിസ്റ്റർ ചെയ്യുകയും യോഗ്യരായിട്ടുള്ള മെഡിക്കൽ പ്രൊഫഷണലിൻ്റെ കീഴിൽ മാത്രമേ ചികിത്സ സ്വീകരിക്കുവാനും പാടുള്ളൂ. ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം എന്തെന്നാൽ ഇത്തരം കേന്ദ്രങ്ങളിൽ പ്ലസ്‌ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ളവരെ മെഡിക്കൽ പ്രൊഫഷണലായി നിയമിക്കുന്നു. ഇവരെ തെറാപ്പിസ്റ്റുകളായി നിയമനം നൽകുന്നതിന് മുൻപ് ചെറിയ രീതിയിൽ പരിശീലനവും നൽകുന്നു.
ഇത്തരം കേന്ദ്രങ്ങൾ ഒരു സ്ഥലത്ത് രജിസ്റ്റർ ചെയ്യുകയും അനുമതിയില്ലാതെ മറ്റൊരിടത്ത് അനധികൃതമായി ശാഖകൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വ്യാപകമാണ്. 4 - 5 പ്രതിവാര സെഷനുകൾക്ക് 1,000 രൂപയുടെ പാക്കേജുകളാണ് വാഗ്‌ദാനം ചെയ്യുന്നത്.