കേരളം

kerala

ETV Bharat / bharat

'ഗോമൂത്രം കുടിച്ചാല്‍ അസുഖം ഭേദമാകുമെന്ന്' മദ്രാസ് ഐഐടി ഡയറക്‌ടര്‍; പിന്നാലെ രൂക്ഷ വിമര്‍ശനം - IIT MADRAS DIRECTOR ON COW URINE

ഐഐടി ഡയറക്‌ടറുടെ പരാമർശം മാട്ടുപൊങ്കൽ ദിനത്തിൽ നടന്ന ഗോ സംരക്ഷണ ശാലയിലെ പരിപാടിയിൽ സംസാരിക്കവേ...

IIT MADRAS DIRECTOR ON GOMUTRA  COW URINE REMARK GOES VIRAL  ഐഐടി മദ്രസ് ഡയറക്‌ടര്‍ കാമകോടി  ഗോമൂത്രം ഔഷധ ഗുണങ്ങള്‍
IIT Madras Director, Professor V. Kamakoti (ETV Bharat)

By ETV Bharat Kerala Team

Published : Jan 19, 2025, 9:50 PM IST

ചെന്നൈ:ഗോമൂത്രത്തിന്‍റെ ഔഷധ മൂല്യങ്ങളെ പ്രകീര്‍ത്തിക്കുന്ന ഐഐടി മദ്രാസ് ഡയറക്‌ടർ വി കാമകോടിയുടെ വീഡിയോ വിവാദത്തിൽ. ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്നായിരുന്നു കാമകോടിയുടെ പരാമര്‍ശം. മാട്ടുപൊങ്കൽ ദിനത്തിൽ (ജനുവരി 15, 2025) നടന്ന ഗോ സംരക്ഷണ ശാലയിലെ പരിപാടിയിൽ സംസാരിക്കവേയാണ് കാമകോടി ഗോമൂത്രത്തെ പ്രശംസിച്ചത്.

പ്രസംഗത്തിനിടെ ഒരു സന്യാസിയുടെ ജീവിതത്തിലെ കഥയാണ് ഡയറക്‌ടര്‍ വിവരിച്ചത്. കടുത്ത പനി ബാധിച്ചപ്പോൾ സന്യാസി ഗോമൂത്രം കുടിച്ചുവെന്നും അദ്ദേഹം സുഖം പ്രാപിച്ചുവെന്നും കാമകോടി പറഞ്ഞു.

'അതിനാൽ, ഗോമിയം (ഗോമൂത്രം) ആന്‍റി ബാക്‌ടീരിയൽ, ഫംഗസ് വിരുദ്ധ, ദഹന ഗുണങ്ങൾ ഉള്ളതാണ്. ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള അവസ്ഥകൾക്ക് മരുന്നായി ഇത് ഉപയോഗിക്കാം. ഗോമൂത്രത്തിന്‍റെ ഔഷധ മൂല്യം പരിഗണിക്കണമെന്നും ഡയറക്‌ടർ കാമകോടി പറഞ്ഞു.

പശുക്കളെ സംരക്ഷിക്കുന്ന ഗോ സംരക്ഷണത്തിന് സാമ്പത്തിക, പോഷക, പാരിസ്ഥിതിക നേട്ടങ്ങളുണ്ടെന്ന് കാമകോടി പറഞ്ഞു. ഇന്ത്യയെ അടിമത്തത്തിലേക്ക് കൊണ്ടുപോകുന്നതിനായി സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന നിർമാണ ഘടകമായ തദ്ദേശീയ പശുക്കളെ ഇല്ലാതാക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചു. ബ്രിട്ടീഷ് ഭരണ കാലത്ത് ഒരു ദിവസം ഏകദേശം 30,000 പശുക്കളെ കശാപ്പ് ചെയ്യാൻ ശേഷിയുള്ള കശാപ്പുശാലകൾ സ്ഥാപിച്ചിരുന്നു എന്നും കാമകോടി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം ഐഐടി ഡയറക്‌ടറുടെ ഗോമൂത്ര പരാമർശം സത്യ വിരുദ്ധമാണെന്നും അത് ലജ്ജാകരമാണെന്നും യുക്തിവാദ സംഘടനയായ ദ്രാവിഡർ കഴകം വിമർശിച്ചു. ഗോമൂത്രത്തിൽ ദോഷകരമായ ബാക്‌ടീരിയകൾ ഉണ്ടെന്നും അതിനാൽ ഇത് നേരിട്ട് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്നും ഒരു പഠനത്തെ ഉദ്ധരിച്ച് ദ്രാവിഡര്‍ കഴകം നേതാവ് കാളി പൂങ്കുന്ദ്രൻ ചൂണ്ടിക്കാട്ടി.

കാമകോടിയുടേത് ഒരു പിന്തിരിപ്പൻ അഭിപ്രായമാണെന്നും പൂങ്കുന്ദ്രൻ പറഞ്ഞു. ഇത്തരത്തിലുള്ള അഭിപ്രായം വിശ്വസിച്ച് വഞ്ചിക്കപ്പെടരുതെന്നും അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഗോമൂത്ര ഉപഭോഗം ബാക്‌ടീരിയ അണുബാധയ്ക്ക് കാരണമാകുമെന്നത് ഒരു ശാസ്‌ത്രീയ സത്യമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കാമകോടിയുടെ പരാമർശത്തിനെതിരെ ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവനും രംഗത്തെത്തി. രാജ്യത്തെ വിദ്യാഭ്യാസം നശിപ്പിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്‍റെ ഉദ്ദേശ്യമെന്ന് അദ്ദേഹം ആരോപിച്ചു. കാമകോടി തന്‍റെ വാദത്തിന് തെളിവ് നൽകണമെന്നും അല്ലെങ്കിൽ അദ്ദേഹം മാപ്പ് പറയണമെന്നും തന്തൈ പെരിയാർ ദ്രാവിഡർ കഴകം നേതാവ് കെ രാമകൃഷ്‌ണൻ ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞില്ലെങ്കിൽ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഐഐടി മദ്രാസ് ഡയറക്‌ടറുടെ കപട ശാസ്‌ത്ര പ്രചാരണം അനുചിതമാണെന്ന് കോൺഗ്രസ് നേതാവ് കാർത്തി പി ചിദംബരവും വിമർശിച്ചു.

അതേസമയം കാമകോടിയെ പിന്തുണച്ച് ബിജെപി തമിഴ്‌നാട് പ്രസിഡന്‍റ് കെ അണ്ണാമലൈ രംഗത്തു വന്നു. പ്രൊഫസറുടെ ഗോമൂത്ര വീക്ഷണത്തെ രാഷ്‌ട്രീയവത്കരിക്കുകയാണെന്ന് അണ്ണാമലൈ പറഞ്ഞു. കാമകോടിയുടെ പരാമർശം അദ്ദേഹത്തിന്‍റെ വ്യക്തിപരമായ നിലപാട് ആയിരുന്നു എന്നും ക്ലാസ് മുറിയിൽ അദ്ദേഹം അതിനെക്കുറിച്ച് പ്രഭാഷണം നടത്തുകയോ മറ്റുള്ളവരോട് അത് കുടിക്കാൻ ആവശ്യപ്പെടുകയോ ചെയ്‌തിട്ടില്ലെന്നും അണ്ണാമലൈ പറഞ്ഞു. കാമകോടി ഒരു ജൈവ കർഷകൻ ആയതിനാൽ അദ്ദേഹത്തിന്‍റെ പരാമർശങ്ങൾക്ക് വിശാലമായ ഒരു പശ്ചാത്തലമുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.

Also Read:മരത്തിന്‍റെ വേരുകളിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാമെന്ന് ഐടിഐ ബിരുദധാരി; ഐഡിയ കിട്ടിയത് ഋഗ്വേദത്തില്‍ നിന്നെന്ന് വാദം

ABOUT THE AUTHOR

...view details