ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ നിര്‍ണായകവും പ്രധാനപ്പെട്ടതുമാണെന്നും, വിഷയത്തില്‍ പ്രതിപക്ഷവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിയാലോചന നടത്തുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള നിരവധിപേര്‍ ജോലിക്കും പഠന ആവശ്യങ്ങള്‍ക്കും മറ്റുമായി കാനഡയില്‍ താമസിക്കുന്നുണ്ട്. നിരവധി ഇന്ത്യക്കാര്‍ തൊഴില്‍ അന്വേഷിച്ച് കാനഡയിലേക്ക് പോകാൻ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യ-കാനഡ ബന്ധം വളരെയധികം നിര്‍ണായകമാണെന്ന് കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടിയത്.
'അത്യന്തം സെൻസിറ്റീവും നിർണായകവുമായ ഈ വിഷയത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കളെയും മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസത്തിലെടുക്കുകയും കൂടിയാലോചന നടത്തുകയും ചെയ്യുമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതീക്ഷിക്കുന്നു,' എന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ വർഷം പാർലമെന്‍റില്‍ കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ നടത്തിയ പ്രസംഗത്തിൽ ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് തനിക്ക് തെളിവ് ലഭിച്ചെന്നും അവകാശപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങിയത്. 2020-ൽ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി ഭീകരനായി പ്രഖ്യാപിച്ച നിജ്ജാർ, 2023 ജൂണിൽ കാനഡയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചിരുന്നു.