കേരളം

kerala

ETV Bharat / bharat

മുഖ്യമന്ത്രിയുടെ ഭാര്യയുടെ ആസ്‌തി; പ്രതിപക്ഷത്തിന് പിടിവള്ളി, 'നീറിപ്പുകഞ്ഞ്' അസം - Rinku Bhuyan Sarma assets - RINKU BHUYAN SARMA ASSETS

ഭാര്യ റിങ്കു ഭുയാൻ ശർമയുടെ സ്വത്തുക്കള്‍ അസമിലെ ജനങ്ങള്‍ക്കുള്ളതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അധികാരത്തിലെത്തിയാല്‍ കണ്ടുകെട്ടുമെന്ന് പ്രതിപക്ഷം.

HIMANTA BISWA SARMA  LATEST MALAYALAM NEWS  LATEST ASSAM NEWS IN MALAYALAM  റിങ്കു ഭുയാൻ ശർമ ഹിമന്ത ബിശ്വ ശർമ
റിങ്കു ഭുയാൻ ശർമ (ETV Bharat)

By ETV Bharat Kerala Team

Published : Aug 13, 2024, 2:19 PM IST

Updated : Aug 13, 2024, 2:34 PM IST

ഗുവാഹത്തി: ഭാര്യ റിങ്കു ഭുയാൻ ശർമയുടെ വൻ സ്വത്ത് ശേഖരം സംബന്ധിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്ക് എതിരെ തുറന്ന പോരിന് ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. 2026-ൽ അധികാരത്തിൽ വന്നാൽ ബിജെപി മുഖ്യമന്ത്രിയുടെ ഭാര്യയുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടുമെന്ന മുന്നറിയിപ്പാണ് നിലവില്‍ പ്രതിപക്ഷം നല്‍കിയിരിക്കുന്നത്. റിങ്കു ഭുയാന്‍ സമ്പാദിച്ച എല്ലാ സ്വത്തുക്കളും കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കുമെന്നും അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

വിഷയം വിവാദമായിരിക്കെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇതില്‍ പ്രതികരിച്ചിരുന്നു. തന്‍റെ ഭാര്യ റിങ്കുവിന്‍റെ കൈവശമുള്ള സ്വത്തുക്കൾ അസമിലെ ജനങ്ങൾക്കുള്ളതാണെന്നും അത് സംസ്ഥാനത്തിന്‍റെ സ്വത്താണെന്നുമായിരുന്നു ഹിമന്ത പറഞ്ഞത്.

"റിങ്കു ഭുയാന് ഉള്ളതെല്ലാം അസമിലെ ജനങ്ങൾക്കുള്ളതാണ്. ഇവിടെ നിന്നും (മരണ ശേഷം) അവള്‍ ഒന്നും കൊണ്ടുപോകില്ല. എന്‍റെ മകന്‍റെ പേരിൽ ഒന്നുമില്ല. റിങ്കുവിന്‍റെ എല്ലാ സ്വത്തുക്കളും അസമിന്‍റെ സ്വത്താണ്"- തിങ്കളാഴ്ച, ഗുവാഹത്തിയിൽ നടന്ന ഒരു പരിപാടിക്കിടെ മാധ്യമങ്ങളോടായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

തന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള വാർത്താ ചാനലായ ന്യൂസ് ലൈവിന്‍റെ വരുമാനം കള്ളപ്പണമല്ലെന്നും ഹിമന്ത കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു. എന്നാല്‍ മുഖ്യമന്ത്രിയുടെ കുടുംബം അധികാര ദുർവിനിയോഗം നടത്തി സ്വത്ത് സമ്പാദിച്ചതായാണ് പ്രതിപക്ഷ പാർട്ടികൾ ആവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാനത്ത് പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസും സിപിഎമ്മും അസം ദേശീയ പരിഷത്തും (എജെപി) എഎപിയും ഒറ്റക്കെട്ടാണ്.

2026ൽ അസമിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിച്ചാല്‍ ഹിമന്തയുടെ കുടുംബത്തിന്‍റെ ആസ്‌തി കണക്കാക്കാന്‍ 100 ദിവസത്തിനകം എസ്ഐടി രൂപീകരിക്കുമെന്ന് അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഭൂപൻ കുമാർ ബോറ പറഞ്ഞു. ആനുപാതികമല്ലാത്ത സ്വത്തുക്കൾ കണ്ടുകെട്ടുകയും ഇവ വില്‍പ്പന നടത്തി പണം സംസ്ഥാന ട്രഷറിയിൽ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പ്രതിഷേധം ശക്തം; വിവാദ ബ്രോഡ്‌കാസ്റ്റിങ് സർവീസ് ബില്‍ 2024 പിൻവലിച്ചു - Centre Withdraws Broadcasting Bill

മറുവശത്ത്, റിങ്കു ഭുയാന്‍റെ സ്വത്തുക്കളുടെ ഗുണഭോക്താവ് ആരാണെന്നാണ് എജെപി ജനറൽ സെക്രട്ടറി ജഗദീഷ് ഭൂയാൻ ചോദിക്കുന്നത്. ഹിമന്ത മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത് അസമിലെ ജനങ്ങളുടെ വികസനത്തിനാണോ അതോ സ്വന്തം കുടുംബത്തിന്‍റെ വികസനത്തിനാണോ?. സ്വത്ത് ജനങ്ങള്‍ക്കുള്ളതാണെങ്കില്‍ റിങ്കു ഭുയാന്‍റെ സ്‌കൂളില്‍ വിദ്യാർഥികള്‍ക്ക് എന്തുകൊണ്ട് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നില്ലെന്നും എജെപി നേതാവ് ചോദിച്ചു. വിഷയത്തില്‍ പഴുതടച്ച അന്വേഷണമാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്.

Last Updated : Aug 13, 2024, 2:34 PM IST

ABOUT THE AUTHOR

...view details