ജനപ്രതിനിധികളുടെ കൂറുമാറ്റം തടയാനുള്ള നിയമങ്ങള്‍ക്ക് നമ്മുടെ രാജ്യത്ത് പഞ്ഞമൊന്നുമില്ല. നിയമസഭാംഗങ്ങള്‍ പാര്‍ട്ടികളില്‍ നിന്ന് പാര്‍ട്ടികളിലേക്ക് കൂടുവിട്ട് കൂടുമാറുന്നത് തടയാന്‍ ലക്ഷ്യമിട്ട് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ മാസം നാലിന് ഒരു ബില്‍ പാസാക്കി. ഭരണഘടനയിലെ പത്താംപട്ടിക പ്രകാരം അയോഗ്യരാക്കുന്നവരുടെ പെന്‍ഷന്‍ റദ്ദാക്കാനുള്ള ബില്ലാണ് ഹിമാചല്‍ നിയമസഭ പാസാക്കിയത്. അയോഗ്യരാക്കപ്പെട്ട അംഗങ്ങള്‍ ഇതിനകം വാങ്ങിയ പെന്‍ഷന്‍ തിരികെ ഈടാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ഹിമാചല്‍ പ്രദേശ് നിയമസഭ (അലവന്‍സസ് ആന്‍ഡ് പെന്‍ഷന്‍ ഓഫ് മെമ്പേഴ്‌സ്) ഭേദഗതി ബില്‍ 2024ലാണ് നിയമസഭ പാസാക്കിയത്. നിലവില്‍ കൂറുമാറ്റം തടയുന്നതിന് ഭരണഘടനയുടെ പത്താം പട്ടികയില്‍ ഫലപ്രദമായ വകുപ്പുകളില്ല. ഇതാണ് പുതിയ ഭേദഗതിയുടെ സുപ്രധാന ഉദ്ദേശ്യമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഭരണഘടന ലക്ഷ്യങ്ങള്‍ നേടുന്നതിനും ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷം, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും ഭരണഘടനയോട് ചെയ്യുന്ന ഈ പാപം തടയുന്നതിനും ഭേദഗതി നടപ്പാക്കേണ്ടത് അനിവാര്യമായിരുന്നു.
ഭരണഘടനയുടെ പത്താം പട്ടിക പ്രകാരം നിയമസഭയിലെ ഒരംഗം അയോഗ്യനാക്കപ്പെട്ടാല്‍ അയാള്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ലെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇത്തരത്തില്‍ പെന്‍ഷന് അയോഗ്യത കല്‍പ്പിക്കപ്പെട്ട വ്യക്തി നേരത്തെ വാങ്ങിയിട്ടുള്ള പെന്‍ഷന്‍/ ശമ്പളം തിരികെ സര്‍ക്കാരിലേക്ക് ഈടാക്കാവുന്നതാണെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ജനാധിപത്യ മര്യാദകളും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിന് ഭേദഗതി അത്യാവശ്യമാണെന്നാണ് ബില്‍ അവതരണ വേളയില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ജനാധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ നിന്ന് അംഗങ്ങളെ തടയുക എന്നതാണ് ബില്ലിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംപിമാരും എംഎല്‍എമാരും നിരന്തരം പാര്‍ട്ടി മാറികളിക്കുന്നത് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് 1985 മാര്‍ച്ച് ഒന്നിന് നിലവില്‍ വന്ന ഭരണഘടനയുടെ അന്‍പത്തിരണ്ടാം ഭേദഗതി നിയമത്തില്‍ സീറ്റൊഴിവ്, പാര്‍ലമെന്‍റിലെയും നിയമസഭകളിലെയും അംഗങ്ങളുടെ അയോഗ്യത എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ, 101, 102, 190, 191 അനുച്ഛേദങ്ങള്‍ എന്നിവയിലാണ് ഭേദഗതി വരുത്തിയത്. പുതിയ ഒരു പട്ടികയും കൂട്ടിച്ചേര്‍ത്തു. പത്താം പട്ടികയെന്ന് പേരിട്ട ഈ പട്ടിക കൂറുമാറ്റ നിരോധന നിയമം എന്നും അറിയപ്പെടുന്നു.
ഒരു പാര്‍ട്ടിയില്‍ നിന്ന് സഭയില്‍ അംഗമാകുകയും എന്നാല്‍ പിന്നീട് ആ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയും ചെയ്‌താലോ സ്വന്തം പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി വോട്ട് ചെയ്‌താലോ മറ്റൊരു പാര്‍ട്ടിയിലേക്ക് ചേക്കേറിയാലോ അയോഗ്യനാക്കപ്പെടുന്നു. വിവിധ നിയമ നിര്‍മാണ സഭകള്‍ ഈ പട്ടിക നടപ്പാക്കാനായി ഇതിന്‍റെ എട്ടാം ഖണ്ഡിക പ്രകാരം വിവിധ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
പത്താംപട്ടികയില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിളര്‍പ്പ് സംബന്ധിച്ചും പരാമര്‍ശമുണ്ട്. നിയമനിര്‍മാണ സഭയിലെ ഒരംഗം സ്വന്തം പാര്‍ട്ടി പിളര്‍ത്തുകയും ആ പാര്‍ട്ടിയിലെ സമാജികരില്‍ മൂന്നിലൊന്നില്‍ കുറയാത്ത അംഗങ്ങള്‍ ഇയാള്‍ക്കൊപ്പമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കുകയും ചെയ്‌താല്‍ അയാള്‍ അയോഗ്യനാക്കപ്പെടില്ല. എന്നാല്‍ ഈ വകുപ്പ് 2003ലെ 91-ാം ഭരണഘടന ഭേദഗതിയിലൂടെ ഇല്ലാതാക്കപ്പെട്ടു. ഒരംഗത്തിന്‍റെ രാഷ്‌ട്രീയ കക്ഷി മറ്റൊരു കക്ഷിയില്‍ ലയിക്കുകയും അംഗം ആദ്യ കക്ഷിയില്‍ തന്നെ തുടരുകയും ഇയാള്‍ക്കൊപ്പം മൂന്നില്‍ രണ്ട് അംഗങ്ങള്‍ ഉണ്ടാവുകയും ചെയ്‌താല്‍ അയാള്‍ അയോഗ്യനാക്കപ്പെടുന്നില്ല.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും