ഷിംല:സമൂസ വിവാദത്തിന് ശേഷം ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവിനെതിരെ കാട്ടുകോഴി വിവാദം ശക്തമാകുന്നു. മുഖ്യമന്ത്രി പങ്കെടുത്ത വിരുന്നില്‍ കാട്ടുകോഴിയെ കറിവച്ച് വിളമ്പിയതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരിതെളിച്ചത്. മൃഗക്ഷേമ സംഘടന പുറത്തുവിട്ട വീഡിയോയിലൂടെയാണ് വിവരം പുറത്തുവരുന്നത്.
ഷിംലയിലെ കുഫ്രിയില്‍ സംഘടിപ്പിച്ച വിരുന്നില്‍ കാട്ടുകോഴിയും കൊടിത്തൂവയും (ചൊറിയണം) വച്ചുളള വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. അതിലാണ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു പങ്കെടുത്തത്. മുഖ്യമന്ത്രി കാട്ടുകോഴി കഴിച്ചില്ലെങ്കിലും ആരോഗ്യ മന്ത്രിയും മറ്റ് അതിഥികളും കാട്ടുകോഴി കഴിച്ചു.
ഇത് സംരക്ഷിത ജീവികളുടെ നിയമവിരുദ്ധമായ വേട്ടയ്ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്ന് മൃഗക്ഷേമ സംഘടന അഭിപ്രായപ്പെട്ടു. സംഭവത്തില്‍ മുഖ്യമന്ത്രി ക്ഷമ പറയണമെന്നും നടപടിയെടുക്കണമെന്നും മൃഗങ്ങളുടെ അവകാശ സംരക്ഷണ സംഘടനകളും ബിജെപിയും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സുഖു പരസ്യമായി മാപ്പ് പറയണമെന്നും കാട്ടുകോഴിയെ വിളമ്പിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ബിജെപി സംസ്ഥാന വക്താവ് ചേതൻ ഭർത്ത ആവശ്യപ്പെട്ടു.
മുൻ മുഖ്യമന്ത്രി ജയറാം താക്കൂറും സംഭവത്തെ അപലപിച്ചു. ഇത് സ്വീകാര്യമായ കാര്യമല്ലെന്നും പ്രശ്‌നം വേഗത്തിൽ പരിഹരിക്കാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംരക്ഷിത ഇനത്തില്‍പ്പെട്ട മൃഗങ്ങളെ കഴിക്കുന്നത് ജയിൽ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമായിരുന്നിട്ട് കൂടി മുഖ്യമന്ത്രി കാട്ടുകോഴി വിഭവങ്ങള്‍ മന്ത്രിമാർക്ക് രുചിയോടെ വിളമ്പുന്നു എന്നും ജയറാം താക്കൂർ കുറ്റപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹിമാചല്‍ പ്രദേശില്‍ നിന്ന് 3000 അടി ഉയരത്തില്‍ മാത്രം കാണപ്പെടുന്ന കാട്ടുകോഴികള്‍ 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന ജീവിയാണ്. ഇവയെ വേട്ടയാടുന്നത് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്. ഇതുവരെ സർക്കാരും ഭരണകൂടവും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രസ്‌താവന ഇറക്കിയിട്ടില്ല. അതേസമയം നേരത്തെ സുഖ്‌വീന്ദർ സിങ് സുഖുവിനായി വാങ്ങിയ സമൂസകള്‍ കാണാതായത് വലിയ വിവാദമായിരുന്നു.
Also Read:മുഖ്യമന്ത്രിയുടെ സമൂസ കഴിച്ചതില്‍ സിഐഡി അന്വേഷണം; സർക്കാർ വിരുദ്ധ നടപടിയെന്ന് റിപ്പോര്‍ട്ട് , സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ പെരുമഴ