റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ഇത് നാലാം തവണയാണ് ഹേമന്ത് സോറന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാങ്‌വാറിന് മുമ്പാകെയാണ് 49 കാരനായ ഗോത്രവര്‍ഗ നേതാവ് സത്യപ്രതിജ്ഞ ചെയ്‌തത്.
റാഞ്ചിയിലെ മൊറാബാദി മൈതാനത്ത് ആയിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സത്യപ്രതിജ്ഞയ്ക്ക് മുമ്പ് സോറന്‍, പിതാവും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധ്യക്ഷനുമായ ഷിബു സോറനുമായി കൂടിക്കാഴ്‌ച നടത്തി. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബെര്‍ഹെയ്‌ത് മണ്ഡലത്തില്‍ ബിജെപിയുടെ ഗംലിയേല്‍ ഹെംബ്രോമിനെ 39,791 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഹേമന്ത് സോറന്‍ നിയമസഭയിലെത്തിയത്.
81 അംഗ നിയമസഭയില്‍ 56 സീറ്റുകള്‍ നേടിയാണ് ജെഎംഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം സംസ്ഥാനത്ത് അധികാരത്തിലെത്തിയിരിക്കുന്നത്. അതേസമയം ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് 24 മണ്ഡലങ്ങളില്‍ മാത്രമേ വിജയിക്കാനായുള്ളൂ.
മുത്തച്‌ഛനായ സൊബാരന്‍ സോറന്‍റെ രക്തസാക്ഷിദിനത്തില്‍ ഹേമന്ത് സോറനും ഭാര്യ കല്‍പ്പന സോറനും രാംഗഡ് ജില്ലയിലെ തന്‍റെ ജന്മഗ്രാമമായ നെമ്രയിലെത്തി ആദരമര്‍പ്പിച്ചിരുന്നു. സോബരന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്ന ലുകായതന്തിലെത്തിയാണ് ആദരമര്‍പ്പിച്ചത്. പ്രതിമയില്‍ ഹാരമണിയിച്ച ശേഷം സോറന്‍ ജനങ്ങളെ അഭിസംബോധന ചെയ്‌തു. ചൂഷണങ്ങള്‍ക്കെതിരെ ജാര്‍ഖണ്ഡ് ജനത നടത്തിയ ചരിത്രപരമായ പോരാട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം.
Also Read:'നാളെ ചുമതലയേല്‍ക്കുക ഹേമന്ത് സോറന്‍ മാത്രം, മറ്റുള്ള മന്ത്രിമാരുടെ സത്യപ്രതിജ്ഞ അന്തിമ തീരുമാനത്തിന് ശേഷം'; ഗുലാം അഹമ്മദ് മിര്‍