ഗാന്ധിനഗര്‍: കനത്ത മഴ തുടരുന്ന ഗുജറാത്തിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വഡോദര ടൗണില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുസഹമായി. ശക്തമായ മഴയില്‍ വിശ്വാമിത്രി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് വഡോദരയില്‍ വെള്ളക്കെട്ടുണ്ടായത്.
കെട്ടിടങ്ങളില്‍ വെള്ളം കയറിയ ദൃശ്യം (ETV Bharat) കനത്ത മഴ കാരണം അജ്വ റിസർവോയര്‍, പ്രതാപപുര റിസർവോയര്‍ എന്നിവ തുറന്ന് വിട്ടിരുന്നു. ഇതാണ് നദിയില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. വഡോദരയില്‍ ഇന്നലെ (ഓഗസ്റ്റ് 26) 26 സെന്‍റിമീറ്റര്‍ മഴയാണ് ലഭിച്ചതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ റിപ്പോര്‍ട്ട്.
കഴിഞ്ഞ ഏതാനും ദിവസമായി സ്ഥലത്ത് ശക്തമായ മഴയാണ് ലഭിക്കുന്നതെന്ന് വഡോദര നിവാസികള്‍ പറയുന്നു. താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ദുരന്ത സാധ്യത മേഖലയിലുള്ളവരെല്ലാം സുരക്ഷിതയിടങ്ങളിലേക്ക് മാറുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു. ഭക്ഷണത്തിനും വെള്ളത്തിനും അടക്കം ക്ഷാമമുണ്ട്. അടുത്തിടെയൊന്നും സമാനമായ സാഹചര്യം ഉണ്ടായിട്ടില്ലെന്നും ജനങ്ങള്‍ പറഞ്ഞു.
വഡോദരയില്‍ വെള്ളക്കെട്ടുണ്ടായ റോഡ് (ETV Bharat) മാല്‍പൂര്‍ മേഖലയില്‍ രണ്ട് ദിവസമായി ശക്തമായ മഴയാണ് ലഭിക്കുന്നത്. വഡോദരയിലെ കാശി വിശ്വനാഥ മഹാദേവ ക്ഷേത്ര സമുച്ചയത്തിന് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ ക്ഷേത്രത്തിലേക്കുള്ള പ്രവേശനവും നിരോധിച്ചു.
ഗുജറാത്തിലെ വെള്ളക്കെട്ട് (ETV Bharat) പ്രതികരണവുമായി ദുരിതാശ്വാസ കമ്മിഷണര്‍: ഗുജറാത്തില്‍ മഴ ശക്തമായ സാഹചര്യത്തില്‍ പ്രതികരണവുമായി സംസ്ഥാന ദുരിതാശ്വാസ കമ്മിഷണര്‍ അലോക് കുമാർ പാണ്ഡെ. ഗാന്ധിനഗറില്‍ കഴിഞ്ഞ ദിവസം വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഗതാഗതം പൂര്‍ണമായും സ്‌തംഭിച്ചിരുന്നു. എന്നാല്‍ ഇന്ന് വെള്ളക്കെട്ട് കുറഞ്ഞിട്ടുണ്ട്. വെള്ളം ഇറങ്ങിയതോടെ റോഡില്‍ നിരവധി വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ചിന്നിച്ചിതറി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും കമ്മിഷണര്‍ പറഞ്ഞു.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ചകള്‍ നടത്തി. ജനങ്ങള്‍ക്ക് വൈദ്യുതി വിതരണം, മരുന്നുകളുടെ ലഭ്യത, അവശ്യവസ്‌തുക്കളുടെ ലഭ്യത എന്നിവ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ല കലക്‌ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ അവധികള്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
Also Read:ഗുജറാത്തില്‍ പെരുമഴ; കേന്ദ്ര സഹായം ഉറപ്പ് നല്‍കി അമിത് ഷാ; മുഖ്യമന്ത്രിയുമായി സംസാരിച്ചു