ഭുവനേശ്വർ :ഒഡിഷയിലെ സുന്ദർഗഡ് ജില്ലയിലെ റൂർക്കേല സർക്കാർ ആശുപത്രിയിൽ ആറ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആശുപത്രിയിൽ വച്ച് അസ്വാഭാവിക മരണം സംഭവിച്ചവരുടെ എണ്ണം 16 ആയി. മരണം സൂര്യാഘാതം മൂലമാകാമെന്നാണ് വിലയിരുത്തൽ.
അതേസമയം മരണകാരണം സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഭൂരിഭാഗം പേരും അജ്ഞാതമായ കാരണങ്ങളാൽ ആശുപത്രിയിൽ വച്ച് തന്നെയാണ് മരണപ്പെട്ടതെന്ന് റൂർക്കേല ആശുപത്രി സൂപ്രണ്ട് സുധാറാണി പ്രധാൻ പറഞ്ഞു. മരിച്ചവരിൽ പലരുടെയും ശരീര താപനില ഏകദേശം 103-104 ഡിഗ്രി ഫാരൻഹീറ്റ് ആയിരുന്നു. ഇതായിരിക്കാം മരണ കാരണമെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മരണകാരണത്തിൽ കൂടുതൽ വ്യക്തത വരും.