ന്യൂഡൽഹി :രാജ്യതലസ്ഥാനത്ത് ഉഷ്‌ണതരംഗം തുടരുന്നതിനിടെ, 48 മണിക്കൂറിനുള്ളിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ്. എന്നാൽ ഇവരെല്ലാം ഉഷ്‌ണതരംഗം മൂലമാണ് മരിച്ചതെന്ന് പൊലീസും ആരോഗ്യവകുപ്പും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യാഗേറ്റിന് സമീപമുള്ള കുട്ടികളുടെ പാർക്കിൽ നിന്ന് ബുധനാഴ്‌ച 55 വയസുള്ള മധ്യവയസ്‌കൻ്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മരണകാരണം അറിയാന്‍ പോസ്റ്റ്‌മോർട്ടം നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.
ജൂൺ 11 മുതൽ 19 വരെ ഉഷ്‌ണതരംഗം മൂലം ഡൽഹിയിൽ 192 മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഭവനരഹിതർക്കായി പ്രവർത്തിക്കുന്ന എൻജിഒ സെൻ്റർ ഫോർ ഹോളിസ്റ്റിക് ഡെവലപ്‌മെൻ്റ് അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ നിരവധി മരണങ്ങളുണ്ടായി. ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക്, ഉഷ്‌ണം മൂലമുണ്ടാകുന്ന ക്ഷീണം എന്നീ സംഭവങ്ങളില്‍ രോഗികളെത്തുന്നതിൽ വർധനവുണ്ടായി.