ഹത്രാസ് (ഉത്തർപ്രദേശ്) :ഉത്തർപ്രദേശിലെ ഹത്രാസിൽ ആത്മീയ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ചു. മരിച്ചവരിൽ 19 പേരെ ഇനിയും തിരിച്ചറിയാനുണ്ട്. പ്രാർഥനായോഗം നടത്തിയ സംഘാടകർക്കെതിരെ യുപി പൊലീസ് കേസെടുത്തു. പുൽരായ് ഗ്രാമത്തിൽ പതിനായിരത്തോളം ആളുകൾ പങ്കെടുത്ത 'സത്സംഗ്' ചടങ്ങിനിടെയാണ് ദുരന്തമുണ്ടായത്. മതപ്രഭാഷകനായ ഭോലെ ബാബ വേദി വിടുന്നതിനിടെ ഇന്നലെ (ജൂലൈ 2) വൈകിട്ട് 3.30ഓടെയാണ് സംഭവം.
മരിച്ചവരിൽ ഏഴ് കുട്ടികളും ഒരു പുരുഷനും ഒഴികെ ബാക്കിയെല്ലാവരും സ്‌ത്രീകളാണ്. പരിപാടിക്ക് ശേഷം ബാബ പോകാനിറങ്ങുമ്പോൾ വിശ്വാസികൾ ചരണ സ്‌പർശത്തിനായി ഓടിയതായും ഇതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായതെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങളുടെ തിരിച്ചറിയൽ നടപടികൾ നടന്നുവരികയാണ്.