ചണ്ഡിഗഢ്: ഹരിയാനയില്‍ ബിജെപി 48 സീറ്റുകളുമായി അധികാരം ഉറപ്പിച്ചിരിക്കുന്നു. തുടര്‍ച്ചയായ മൂന്നാം തവണയാണ് പാര്‍ട്ടി സംസ്ഥാനത്തില്‍ അധികാരത്തിലേറുന്നത്. ഈ ഹാട്രിക് തിളക്കത്തിന് മുമ്പ് തെല്ലും തിളക്കമില്ലാതിരുന്ന ഒരു കാലം ബിജെപിക്ക് സംസ്ഥാനത്ത് ഉണ്ടായിരുന്നു.
2000ത്തിലെ തെരഞ്ഞെടുപ്പില്‍ കേവലം ആറ് പേരെ മാത്രമാണ് ബിജെപിക്ക് സഭയിലെത്തിക്കാനായത്. 2005ല്‍ എത്തിയപ്പോഴേക്കും അത് രണ്ടിലേക്ക് ചുരുങ്ങി. 2009ല്‍ നാല് പേരായി. ഇപ്പോഴിതാ ഇത് 48 ആയി മാറിയിരിക്കുന്നു. രണ്ടര പതിറ്റാണ്ട് കൊണ്ട് സംസ്ഥാനത്ത് ബിജെപി സൃഷ്‌ടിച്ചത് സമാനതകളില്ലാത്ത മാന്ത്രികത. 2014ലാണ് ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലേറിയത്. തൊട്ടടുത്ത തവണയും ഇതു തുടര്‍ന്നു.
ഇത്തവണ ഭരണ വിരുദ്ധ വികാരത്തിന്‍റെ പിന്‍ബലത്തില്‍ തിരികെ വരാനാകുമെന്ന കോണ്‍ഗ്രസിന്‍റെ പ്രതീക്ഷയെ അട്ടിമറിച്ചാണ് ഹരിയാനയില്‍ ബിജെപി മിന്നും വിജയം സ്വന്തമാക്കിയത്. തെരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങളെല്ലാം കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് തന്നെ ആയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍പറത്തിക്കൊണ്ടാണ് ബിജെപി എക്കാലത്തെയും ഉയര്‍ന്ന സീറ്റ് നിലയായ 48 എന്ന സംഖ്യ സ്വന്തമാക്കിയത്.
2014ല്‍ പാര്‍ട്ടി 47 സീറ്റുകള്‍ നേടിയിരുന്നു. കോണ്‍ഗ്രസിന് 37 സീറ്റ് കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. രണ്ട് സീറ്റുകള്‍ ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍ (ഐഎന്‍എല്‍ഡി) സ്വന്തമാക്കി. മൂന്ന് സ്വതന്ത്രരും ഇവിടെ വിജയം നുണഞ്ഞു. ബിജെപി സംസ്ഥാനത്തെ 90 സീറ്റുകളില്‍ 89ലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. തങ്ങളുടെ സഖ്യമായിരുന്ന ഗോപാല്‍ കന്ദയുടെ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. ഇവിടെ പക്ഷേ കന്ദ പരാജയപ്പെട്ടു.
2014ന് മുമ്പ് ബിജെപി ഐഎന്‍എല്‍ഡി, ബന്‍സിലാലിന്‍റെ ഹരിയാന വികാസ് പാര്‍ട്ടി തുടങ്ങിയവയ്ക്ക് പിന്നില്‍ രണ്ടാം നിരയിലേക്ക് ഒതുക്കപ്പെട്ടിരുന്നു. നിലവില്‍ ഹരിയാന വികാസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചു. 2014ലാണ് ബിജെപി ആദ്യമായി സംസ്ഥാനത്തെ മുഴുവന്‍ സീറ്റിലും ജനവിധി തേടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക