ചഡീഗഡ്:ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി നയാബ് സിങ് സൈനി ചുമതലയേറ്റു. ചൊവ്വാഴ്‌ച വൈകീട്ട് രാജ്‌ഭവനിൽ നടന്ന ചടങ്ങിലായിരുന്നു 54 കാരനായ ഒബിസി നേതാവ് നയാബ് സിങ് സൈനിയുടെ സത്യപ്രതിജ്ഞ. ബിജെപി-ജെജെപി സഖ്യം തകർന്നതിനെ തുടർന്നാണ് മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും മന്ത്രിമാരും രാജിവച്ചത് (Haryana New Chief Minister Nayab Singh Saini Profile).
സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെയാണ് ബിജെപി വീണ്ടും സർക്കാർ രൂപീകരിച്ചത്. ഹരിയാന നിവാസിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിന് ശേഷമാണ് പുതിയ മുഖ്യമന്ത്രിയായി സൈനിയുടെ പേര് പ്രഖ്യാപിച്ചത്. സ്ഥാനമൊഴിഞ്ഞ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്‍റെ (69) വിശ്വസ്‌തനായി കണക്കാക്കപ്പെടുന്ന ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി സൈനിയെക്കുറിച്ച് കൂടുതലറിയാം.
ജനനവും രാഷ്‌ട്രീയവും: 1970 ജനുവരി 25 ന് അംബാല ജില്ലയിലെ മിർസാപൂർ മജ്ര എന്ന ഗ്രാമത്തിലാണ് നയാബ് സിങ് സൈനി ജനിച്ചത്. നിയമ ബിരുദധാരിയായ അദ്ദേഹം സജീവ ആർഎസ്‌എസ് പ്രവർത്തകനായിരുന്നു. ഖട്ടറുമായുളള സൗഹാർദ്ദം ഊഷ്‌മളമാവുന്നതും ആർഎസ്എസ് നാളുകളിലായിരുന്നു.
2002-ൽ സംസ്ഥാന ബിജെപിയുടെ യുവജനവിഭാഗം അംബാല ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം മൂന്നു വർഷത്തിനുശേഷം ജില്ലാ പ്രസിഡന്‍റായി മാറി. ഒബിസി സമുദായത്തിന്‍റെയും ജാട്ട് ഇതര വിഭാഗത്തിന്‍റെയും അവകാശങ്ങൾക്ക് മുൻതൂക്കം നൽകാമെന്ന ഉദ്ദേശത്തോടെയാണ് പാർട്ടി അദ്ദേഹത്തെ സംസ്ഥാന ബിജെപി അധ്യക്ഷനായി നിയമിച്ചു. ഒക്‌ടോബറിലായിരുന്നു ഓം പ്രകാശ് ധങ്കറിന് പകരമായി സൈനിയെ ഹരിയാന ബിജെപി അധ്യക്ഷനായി നിയമിച്ചത്.